കോട്ടയം: അരിയും പൂവും എള്ളും ജലവും ചേർത്ത് പ്രാർത്ഥനകളോടെ പിതൃക്കളുടെ മോക്ഷത്തിനായി ഭക്തസഹസ്രങ്ങൾ ബലിതർപ്പണം നടത്തി. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഇന്നലെ പുലർച്ചെ മുതൽ വാവുബലി ചടങ്ങുകൾ ആരംഭിച്ചിരുന്നു. കർക്കടക മാസത്തിലെ കറുത്തവാവിലാണ് കർക്കടക വാവുബലി ആചരിക്കുന്നത്. പിതൃക്കൾക്കായി ചെയ്യുന്ന കർമ്മത്തെ തർപ്പണം എന്നാണ് പറയുന്നത്. അരി, പൂവ്, ജലം, എള്ള് എന്നിവകൊണ്ടാണ് തർപ്പണം ചെയ്യുക. കർക്കടകത്തിലെ അമാവാസി നാളായ ഇന്നലെ പുലർച്ചെ മുതൽ നടന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് വൻതിരക്കാണ് അനുഭവപ്പെട്ടത്. തർപ്പണത്തിനായി എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് മിക്കയിടങ്ങളിലും ഒന്നിലധികം ബലിത്തറകൾ സജ്ജീകരിച്ചിരുന്നു. ഭക്തജനങ്ങൾക്കായി പ്രഭാത ഭക്ഷണവും ക്രമീകരിച്ചിരുന്നു.

മദ്ധ്യകേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ മണപ്പുറത്ത് പതിനായിരത്തോളം പേർ ബലിതർപ്പണം നടത്തി. മണപ്പുറത്ത് പ്രത്യേക വിരിപ്പന്തൽ, ബലിത്തറകൾ തുടങ്ങിയവയും ഒരുക്കിയിരുന്നു. കർക്കടക അമാവാസിയോടനുബന്ധിച്ച് വിശേഷാൽ തിലഹവനം, സായൂജ്യപൂജകൾ തുടങ്ങിയവയും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രി, ജിതിൻ ഗോപാൽ തന്ത്രി, മേൽശാന്തി കുമരകം രജീഷ് ശാന്തികൾ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.

വെന്നിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രത്തിലെ ബലികർമ്മത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഏറ്റുമാനൂർ വേദഗിരി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആയിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. തിരുവഞ്ചൂർ ശ്രീ ചമയംകര ദേവീക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി പള്ളം ഡോ.അനീഷ് നാരായണൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണം നടന്നു. കുറവിലങ്ങാട് കളത്തൂർ അരുവിക്കൽ ശ്രീ ശിവസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും വാവുബലിക്കായി വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു തർപ്പണ ചടങ്ങുകൾ. പുന്നത്തുറ വെസ്റ്റ് കക്കയം ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. കമലാസനൻ ശാന്തി വെളൂർ, മഹേഷ് ശർമ്മ ഞായെല്ലൂർ ഇല്ലം എന്നിവർ കാർമികത്വം വഹിച്ചു. ആർപ്പൂക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാജേന്ദ്ര പ്രസാദ് ശാന്തി ബലിതർപ്പണത്തിന് കാർമികത്വംവഹിച്ചു.