rd-knjikzhy

കോട്ടയം: കഞ്ഞിക്കുഴി പാലം ഇടറോഡിലൂടെ ഇനി സുഖമായി യാത്ര ചെയ്യാം. ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടും ഇന്റർലോക്ക് കട്ടകൾ തകർന്നും റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായിരുന്നു. കെ.കെ റോഡിൽ നിന്നും വരുന്ന വാഹനയാത്രികർക്ക് നഗരത്തിലെ തിരക്ക് ഒഴിവാക്കി കഞ്ഞിക്കുഴി, മാങ്ങാനം, കോടിമത, മാർക്കറ്റ്, പുതുപ്പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി മുൻപ് ഇന്റർലോക്ക് കട്ടകൾ പാകിയിരുന്നു. എന്നാൽ ഇവയും തകർന്നു തരിപ്പണമായതോടെ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു.

നടുവൊടിക്കും ഗർത്തങ്ങൾ
മഴയിലും വെള്ളമൊഴുക്കിലും റോഡിന്റെ പലഭാഗങ്ങളും തകർന്ന് തരിപ്പണമായിരുന്നു. ഇതേതുടർന്ന് റോഡിൽ പലയിടത്തും കുഴികളും രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കുഴിയിൽചാടി അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. കഞ്ഞിക്കുഴി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ സ്വകാര്യ ബസുകൾ അടക്കം ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരുന്നു. ഒരാഴ്ച മുൻപുണ്ടായ കാറ്റിലും മഴയിലും റോഡിലേക്ക് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ വൻമരം കടപുഴകി റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ
റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാറിംഗ് ഇളകിയ ഭാഗം റീടാർ ചെയ്യും. ഇന്റർലോക്ക് കട്ടകൾ തകർന്ന ഭാഗത്തെ പഴയകട്ടകൾ മാറ്റി പുതിയവ സ്ഥാപിച്ചു. കട്ടകൾ ഉറപ്പിക്കുന്ന ജോലിയും മറ്റ് കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങളും പുരോഗതിയിലാണ്. ഭാഗികമായി റോഡ് തുറന്നുകൊടുത്തു.