കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്തിൽ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ടാക്സി സ്റ്റാൻഡ് പുനരാരംഭിച്ചു. പഴയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചുനീക്കിയതിനെ തുടർന്ന് ടാക്‌സി സ്റ്റാൻഡും ഇവിടെ നിന്ന് മാറ്റിയിരുന്നു. സ്റ്റാൻഡ് നവീകരണം നീണ്ടതോടെ ടാക്‌സി ഡ്രൈവർമാർ പ്രതിഷേധവും നടത്തിയിരുന്നു.
ഒരു വർഷമായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ആയിരുന്നു ടാക്സി സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നത്. സ്വകാര്യബസുകൾ സ്റ്റാൻഡിലൂടെ കടത്തിവിടാൻ തുടങ്ങിയതോടെ ടാക്സി ഡ്രൈവർമാരും സ്റ്റാൻഡ് മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് സ്റ്റാൻഡ് മാറ്റാൻ അനുമതി ആവശ്യപ്പെട്ട് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്സ് കോർഡിനേഷൻ കമ്മറ്റി നഗരസഭയ്ക്ക് അപേക്ഷയും നൽകി. ഇത് പരിഗണിച്ച് നഗരസഭ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലേക്ക് ഓഗസ്റ്റ് ഒന്ന് മുതൽ സ്റ്റാൻഡ് മാറാൻ അനുമതി നൽകി. ടാക്‌സി സ്റ്റാൻഡിന്റെ ബോർഡും ഇവിടെ സ്ഥാപിച്ചു.
യാത്രക്കാർ കുറവ്
പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇതിനാൽ ടാക്‌സി ഓട്ടത്തിൽ കുറവുണ്ടായതായി ഡ്രൈവർമാർ പറയുന്നു. ബസുകൾ കയറിയിറങ്ങുന്ന തിരുനക്കര ബസ് സ്റ്റാൻഡിലേക്ക് ആളുകൾ കൂടുതലായി എത്തും. ഇത് ഓട്ടത്തിലും മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. മേൽക്കൂരയില്ലാത്തതിനാൽ മഴയും വെയിലും ദുരിതം സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്.