ഇത്തിത്താനം: ചാലച്ചിറ ജനകീയ ആരോഗ്യകേന്ദ്രം ചികിത്സ തേടുന്നു. ചികിത്സ തേടിയെത്തുന്നവരും ജീവനക്കാരും അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്. ആവശ്യത്തിന് ശുദ്ധജല ലഭ്യതയോ ശുചിമുറിയോ ഇവിടെയില്ല. കേന്ദ്രത്തിന്റെ പരിസരമാകെ കാടുകയറിയ നിലയിലാണ്. മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങളും കുറവാണ്.
2020ൽ മൂന്നര ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശുദ്ധജലവും ശുചിമുറിയും അന്ന് ഒരുക്കിയില്ല. ആരോഗ്യകേന്ദ്രത്തിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2021 ആഗസ്‌റ്റിൽ ഇത്തിത്താനം വികസനസമിതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ചികിത്സയ്ക്കെത്തുന്ന ഗർഭിണികൾ ഉൾപ്പെടയുള്ളവർ ശുചിമുറി സൗകര്യത്തിനായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. കാത്തിരിപ്പ് മുറി, ക്ലിനിക് തുടങ്ങിയവയുടെ സ്‌ഥിതിയും കഷ്ടത്തിലാണ്. മാസത്തിലൊരിക്കൽ ഇവിടെ പ്രതിരോധ കുത്തിവയ്‌പ് സൗകര്യം നൽകുന്നുണ്ട്. ഏഴു വാർഡുകളിലായി 12 ആശാവർക്കർമാരും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറും ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാണ് ആരോഗ്യപ്രവർത്തകർ. നാഷണൽ ഹെൽത്ത് മിഷൻ ആരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിനായി 55 ലക്ഷം രൂപ അനുവദിച്ചിട്ട് നാളുകളേറെയായി. പുനർനിർമ്മാണം ഉടൻ തുടങ്ങുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് പ്രദേശവാസികൾ.