ww

ഈരാറ്റുപേട്ട: ഇരുന്നാൽ ഇരുപ്പുറയ്ക്കില്ല. പിന്നെ വൈകില്ല... അദ്ധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം റോഡിലെത്തും. വിദ്യാർത്ഥികൾ റോഡിനപ്പുറം സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കും. ഇതിപ്പോൾ പതിവ് കാഴ്ചയാണ്. ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിലെ സീബ്രാ ലൈനുകൾ മാഞ്ഞതോടെയാണ് റോഡിലും വിദ്യാർത്ഥികൾക്കായി അദ്ധ്യാപകരുടെ ഈ കരുതൽ.

മൂന്ന് മാസം മുമ്പ് റോഡിന്റെ റീടാറിംഗ് കഴിഞ്ഞതോടെയാണ് വരകൾ മുഴുവൻ മാഞ്ഞത്. ഇത് കാൽനടയാത്രക്കാർക്കാണ് ഏറെ ദുരിതമേകുന്നത്. സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെ മുമ്പിൽ വരകളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാഞ്ഞിരപ്പള്ളി മുതലുള്ള സ്‌കൂളുകളിലെ അദ്ധ്യാപകർ റോഡിൽ നിന്നു വിദ്യാർഥികളെ മറുവശത്തെത്തിക്കേണ്ട സാഹചര്യമാണ്.


ദുരിതമേറെ ടൗണിൽ

ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, അരുവിത്തുറപള്ളി, കോളേജ് ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, മുട്ടം ജംഗ്ഷൻ, അൻമനാർ സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലുണ്ടായിരുന്ന സീബ്രാ ലൈനുകൾ നിലവിലില്ല. അമിതവേഗതിയിലെത്തുന്ന വാഹനങ്ങളുടെ അടിയിൽപെടാതെ യാത്രക്കാർ ഭാഗ്യംകൊണ്ടാണ് രക്ഷപെടുന്നത്.