mm

കോട്ടയം: പ്രളയമുന്നറിയിപ്പ് നൽകാൻ സ്വയം സന്നദ്ധമായൊരു കൂട്ടായ്മ... മീനച്ചിലാർ നദീ സംരക്ഷണ സമിതിയുടേത് വ്യത്യസ്തമായൊരു ചുവടുവെയ്പ്പാണ്. സാധാരണക്കാരും വിദ്യാർത്ഥികളും കർഷകരും പരിസ്ഥിതി പ്രവർത്തകരുമടങ്ങുന്ന കൂട്ടായ്മ പ്രളയഭീഷണിയെ ചെറുക്കുകയാണ്. മഴമാപിനികൾ സ്ഥാപിച്ച് പെയ്ത്തിനെ അളന്നും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയും ടീം ഓപ്പറേഷൻ എന്ന പേരിൽ ഓരോ പഞ്ചായത്തിലും ഓരോ വാട്സ് ആപ്പ് ഗ്രൂപ്പുവഴിയാണ് പ്രവർത്തനം.

മഴയുടെ അളവും പുഴയുടെ ഒഴുക്കുമറിയാനുള്ള ശാസ്ത്രീയ സംവിധാനം. വിദ്യാർത്ഥികളും കർഷകരും ഉൾപ്പെട്ട ഗ്രൂപ്പാണ് വിവരശേഖരണം നടത്തുന്നത്. ദിവസവും രാവിലെ 8.30ന് 24 മണിക്കൂറിലെ വിവരങ്ങൾ ക്രോഡീകരിച്ച് കൈമാറും. അസ്വഭാവികമായി മഴ പെയ്താൽ ഉടൻ വിവരം കൈമാറും. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സമയത്താണെങ്കിൽ 100 മീല്ലീമീറ്ററിൽ ഏറെ മഴ പെയ്യുന്നത് പ്രളയ സാദ്ധ്യതയ്ക്ക് കാരണമാകുമെന്നതിനാൽ വിവരകൈമാറ്റം ഏറെ ഗുണകരം.

മഹാപ്രളയത്തോടെ തുടക്കം
പ്രൊഫ. എസ്. രാമചന്ദ്രൻ പ്രസിഡന്റായും എബി ഇമ്മാനുവൽ സെക്രട്ടറിയായുമായ സമിതിയുടെ പ്രവർത്തനം രാജ്യാന്തരശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ദുരന്തനിവാരണ സംവിധാനത്തിലേയ്ക്ക് കടക്കുന്നത് 2018ലെ പ്രളയത്തിന് ശേഷമാണ്. വ്യാപകമായി മഴമാപിനികൾ സ്ഥാപിച്ച് പഠനം സജീവമാക്കി. ആദ്യഘട്ടത്തിൽ സമിതി പ്രവർത്തകർ പണം മുടക്കി മാപിനികൾ സ്ഥാപിച്ചു. ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായമുണ്ട്. അടുത്തിടെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 40 മഴമാപിനികൾ സ്ഥാപിക്കാനായി.

പ്രവർത്തനമിങ്ങനെ

വാഗമൺ മുതൽ കുമരകം വരെ 150ലേറെ മഴമാപിനികൾ

ദിവസവും 24 മണിക്കൂറിലെ മഴയുടെ അളവ് നിരീക്ഷിക്കും

നദീനിരപ്പ് അറിയാൻ 13 ഇടങ്ങളിൽ ഉപകരണങ്ങൾ

കൂട്ടായ്മയിൽ സന്നദ്ധ പ്രവർത്തകർ: 1000ലേറെ

ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുമായി ചേർന്നാണ് പ്രവ‌ർത്തനം. താപനില അളക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

എബി ഇമ്മാനുവൽ,​ സെക്രട്ടറി,​ മീനച്ചിലാർ നദീസംരക്ഷണസമിതി