ggg

കോട്ടയം: പക്ഷിപ്പനി അപ്പർകുട്ടനാടിനെ തളർത്തുമ്പോൾ കർഷകരുടെ ആശങ്കയും ഇരട്ടിക്കുകയാണ്. ഇനി ഫാമുകൾ നടത്താൻ എത്രനാൾ കാത്തിരിക്കണമെന്ന കർഷകർ ചോദ്യത്തിൽ അധികൃതർക്ക് മറുപടിയില്ല.

പക്ഷിപ്പനി ബാധിത മേഖലകളിൽ ശുചീകരണത്തിന് ശേഷം സാധാരണ മൂന്നു മാസം കഴിഞ്ഞ് വളർത്തിത്തുടങ്ങാമെങ്കിൽ ഇക്കുറി രോഗം വ്യാപകമാകുകയും വൈറസ് മനുഷ്യനിൽ മരണത്തിനു വരെ കാരണമായേക്കാമെന്ന കണ്ടെത്തലും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണമായി. കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലാണ് ഇത്തവണ രോഗം സ്ഥിരീകരിച്ചത്. ഏറ്റവുമൊടുവിൽ ഉദയനാപുരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ഇതിന് പിന്നാലെയാണ് വീണ്ടും വളർത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. മണർകാട് പ്രാദേശിക പക്ഷി വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. അപ്പർകുട്ടനാട്ടിൽ താറാവിന് ക്ഷാമം നേരിടുകയാണ്.

ജനിതകമാറ്റം വില്ലൻ
ഇത്തവണ ജനിതകമാറ്റം വരുത്തിയ വൈറസാണ് താറാവുകളുടെയും കോഴികളുടെയും അന്തകനായതെന്ന് വ്യക്തമായിരുന്നു. ഇതേത്തുടർന്ന് കേന്ദ്ര, സംസ്ഥാന ശാസ്ത്രജ്ഞൻമാർ ഉൾപ്പെടുന്ന സംഘം വിശദപഠനം നടത്തുകയും വിവിധ നിർദേശങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. 2025 മാർച്ച് വരെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിൽ പക്ഷികളെ വളർത്തുന്നതിനു നിയന്ത്രണമോ, നിരോധനമോ ഏർപ്പെടുത്തണമെന്നായിരുന്നു വിദഗ്ദ്ധസമിതി നിർദേശം. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല.

കടുത്ത പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയിലായ കർഷകരിൽ ചിലർ സ്വകാര്യ ഹാച്ചറികളിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി വളർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നിയന്ത്രണം നിലനിൽക്കേ താറാവുകളെ വാങ്ങുകയും ഇവയ്ക്കു രോഗമുണ്ടാകുകയും ചെയ്താൽ നഷ്ടപരിഹാരം പോലും ലഭിക്കില്ല.

മണർകാട് ഒരുക്കങ്ങൾ തുടങ്ങി

 പക്ഷിപ്പനി പടർന്ന മണർകാട് നടപടിക്രമങ്ങൾ പൂർത്തിയാക്കി

 അണുനശീകരണം നടത്തിയെങ്കിലും പക്ഷികളെ വളർത്താൻ അനുമതിയില്ല

ആറു മാസത്തിനു ശേഷം ഉത്പാദനം പുനരാരംഭിക്കും