bb

പാലാ: മുറുക്കാൻകട, ബേക്കറി, സ്റ്റുഡിയോ, പെട്രോൾപമ്പ്... ഏതുമാകട്ടെ ഇവിടെ തൊഴിലെടുക്കാൻ കോളേജ് വിദ്യാർത്ഥികൾ റെഡി. ചേർപ്പുങ്കൽ ബിഷപ് വയലിൽ മെമ്മോറിയൽ കോളേജാണ് യൂത്ത് ബാങ്ക് രൂപീകരിച്ച് ഏത് തൊഴിലെടുക്കാനും സന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചത്. നയാ പൈസ മുടക്കാതെ ജർമ്മനിയിൽ നഴ്‌സുമാരുടെ നിയമനം, മറ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ എന്നിവയിലൂടെ ശ്രദ്ധേയമായ ബി.വി.എം കോളേജിന്റെ പുതിയ സംരംഭമാണ് യൂത്ത് ബാങ്ക്. ആയിരത്തിൽപ്പരം ചെറുപ്പക്കാരാണ് യൂത്ത് ബാങ്കിലുള്ളത്. സ്ഥാപനമേതായാലും ന്യായമായ കൂലിക്ക് ജോലി ചെയ്യാൻ യുവാക്കൾ റെഡി. ഉച്ചതിരിഞ്ഞ് രണ്ട് മുതലാണ് യൂത്ത് ബാങ്കിലെ യുവാക്കളുടെ സേവനം ലഭിക്കുക. താത്ക്കാലിക ഡ്രൈവർ, ഡിസൈനർ, ഫോട്ടോഗ്രാഫർ, കോമ്പയറിംഗ്, കേറ്ററിംഗ്, മിനി ക്വയർ, കൾച്ചറൽ പ്രോഗ്രാം എന്നിവയ്ക്കും യൂത്ത് ബാങ്കിൽ ബന്ധപ്പെടാം.

പഠനത്തോടൊപ്പം തൊഴിൽപരിചയം

പഠനത്തോടൊപ്പം തൊഴിൽപരിചയം നേടാനും വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി പറഞ്ഞു.

തൊഴിലാളികളെ ആവശ്യമുള്ളവർക്ക് വിളിക്കാം

തൊഴിൽപരമായ എന്താവശ്യത്തിനും യൂത്ത് ബാങ്കിൽ വിളിക്കാം. ഫോൺ: ദീപു ജോസ് ഓപ്പറേറ്റിംഗ് ഓഫീസർ, നമ്പർ: 8156873727, ജോബി മാത്യു കോഓർഡിനേറ്റർ, നമ്പർ: 9656274410, കോളേജ് ഓഫീസ് 9446640157.