ചെറുവള്ളി: മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി പഴയിടം പാലത്തിനു താഴെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ആറ്റിലൂടെ തന്നെ ഒഴുക്കിവിട്ടു. ഇതോടെ മാലിന്യം കൊണ്ടുള്ള പഴയിടംകാരുടെ ദുരിതം ഒഴിഞ്ഞെങ്കിലും ആറ്റിലൂടെ ഒഴുക്കിവിട്ട മാലിന്യങ്ങൾ ഇനിയാർക്കൊക്കെയാണ് തലവേദനയാകുന്നതെന്ന് കണ്ടറിയണം. മണിമലയാറ്റിലെ പഴയിടം കോസ് വേയുടെ തൂണുകളിൽ തട്ടി ഒഴുകിപ്പോകാനാകാതെ അടിഞ്ഞ മാലിന്യങ്ങളാണ് മണ്ണുമാന്തിയന്ത്രം കൊണ്ട് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കും മറ്റ് പാഴ് വസ്തുക്കളും മരക്കൊമ്പുകളും ഇവിടെ അടിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
ചിറക്കടവ്, മണിമല, എരുമേലി പഞ്ചായത്തുകളുടെ അതിർത്തിയായ ഇവിടെ അടിയുന്ന പാഴ് വസ്തുക്കൾ നീക്കം ചെയ്യാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും ആരും നടപടിയെടുക്കാറില്ല. ആർക്കെങ്കിലും കരാർ കൊടുത്താൽ തന്നെ കോരി നീക്കുന്നതിന് പകരം എളുപ്പവഴിയായി കണ്ട് പാലത്തിനടിയിലൂടെ തള്ളിവിടുകയാണ് രീതി.
മാലിന്യം കൂടുതലായി അടിയുമ്പോൾ പാലത്തിന്റെ അടിയിലൂടെ ഒഴുകാനാവാതെ വെള്ളം കൈവരിക്കുമുകളിലൂടെ കയറും. ഇതുമൂലം മുൻ വർഷങ്ങളിൽ പാലത്തിന്റെ കൈവരി തകർന്നിട്ടുണ്ട്. ഇതിന് പരിഹാരമായാണ് മാലിന്യം നീക്കൽ.