മുണ്ടക്കയം : എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കുംവയൽ, പാക്കാനം, കുഴിമാവ്, കോസടി, മാങ്ങാപേട്ട, കൊട്ടാരം കട, നൂറ്റിപ്പതിനാറ്, ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ജനങ്ങൾക്ക് ഉപാധിരഹിത പട്ടയം യുദ്ധകാല അടിസ്ഥാനത്തിൽ നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
പുഞ്ചവയലിൽ നടന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. തഹസിൽദാർ ഉൾപ്പെടെ 17 പുതിയ തസ്തികകളോടെയാണ് പട്ടയ നടപടികൾ ഏകോപിപ്പിക്കുന്നത്. പുത്തൻചന്തയിൽ നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കും. ഒരു വർഷത്തിനകം പ്രദേശത്തെ എല്ലാവർക്കും പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ജനകീയ കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി തഹസീദാർ നെസ്സി സനിൽകുമാർ പട്ടയ നടപടികളുടെ വിശദീകരണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ സലാം, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ഡി.പി.സി അംഗം കെ. രാജേഷ്, ഫാ. മാത്യു പുത്തൻപറമ്പിൽ, കെ.ബി ശങ്കരൻ, ഷൈലജ നാരായണൻ, ചാർലി കോശി, പി.ഡി ജോൺ തുടങ്ങിയവർ സംസാരിച്ചു.