കോട്ടയം: ജില്ലയിൽ താറാവ് കർഷകരെ സാമ്പത്തികമായി തകർത്ത പക്ഷിപ്പനിക്ക് പിന്നാലെ ക്ഷീരകർഷകരുടെ വയറ്റത്തടിക്കാൻ കുളമ്പുരോഗവും. പാൽ ഉത്പാദനം പെട്ടെന്ന് കുറഞ്ഞതോടെ വെച്ചൂർ ഭാഗത്ത് രോഗം സംശയിച്ച് കന്നുകാലികളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആറുമാസത്തിലൊരിക്കൽ കന്നുകാലികൾക്ക് എടുക്കേണ്ട പ്രതിരോധ വാക്സിൻ ഇത്തവണ പക്ഷിപ്പനി വ്യാപനം കാരണം വൈകിയത് കുളമ്പുരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ആറുമാസത്തിലൊരിക്കൽ വാക്‌സിൻ എടുത്തില്ലെങ്കിൽ അത് കാലികളുടെ പ്രതിരോധശേഷിയെ ബാധിക്കും. പക്ഷിപ്പനിവ്യാപനം കാരണം പ്രതിരോധ ഇനങ്ങളായ കൈയ്യുറ, ഗം ബൂട്ടുകൾ എന്നിവ ലഭ്യമാക്കാത്തതാണ് കുത്തിവയ്പ്പ് വൈകാൻ കാരണമായി പറയുന്നത്.
വായ്പയെടുത്തവരുടെ വയറ്റത്തടിക്കും
കുളമ്പുരോഗം മൂലം പാൽ ഉത്പാദനം കുറയുന്നത് വായ്പയെടുത്ത് പശുക്കളെ വളർത്തുന്ന കർഷകരെ കടക്കെണിയിലാക്കും. കാലികൾ ചത്താൽ മാത്രമേ ഇൻഷ്വറൻസ് തുക ലഭിക്കൂ. കിടാരികളും ചാകുന്നത് കർഷകരെ സാമ്പത്തികമായി തളർത്തും. വന്ധ്യതയ്ക്ക് വരെ കുളമ്പുരോഗം കാരണമാകും.
ലക്ഷണങ്ങൾ
കുളമ്പ്, വായ്, നാവ്, ചുണ്ടുകൾ എന്നിവ പൊട്ടൽ
പനി, ഉമിനീർ ഒലിക്കൽ
തീറ്റ എടുക്കാൻ മടി
പ്രതിരോധ കുത്തിവെയ്പ്പ്
പ്രതിരോധ കുത്തിവെയ്പ്പ് മാത്രമാണ് രോഗം നിയന്ത്രിക്കാനുള്ള പ്രായോഗിക പോംവഴി. 2004 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കിയ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ഫലമായി കേരളത്തിൽ കുളമ്പ് രോഗം നിയന്ത്രണവിധേയമാണ്.
ഗോരക്ഷ
കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയാണ് ഗോരക്ഷ. കുളമ്പുരോഗം ബാധിക്കുന്ന മൃഗങ്ങളിൽ(100 ശതമാനം) പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയും 75 ശതമാനം അധികം പ്രതിരോധശേഷി ഉറപ്പാക്കി 'ഹേർഡ് ഇമ്മ്യൂണിറ്റി' നേടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വെള്ളപ്പൊക്കത്തെ തുടർന്ന് പച്ചപ്പുല്ല് കിട്ടാതെയായി. കാലിത്തീറ്റയ്ക്കും വില കൂടി. പാലിന്റെ ലഭ്യതയും കുറഞ്ഞു. ഇനി കുളമ്പുരോഗം കൂടി പിടിപെട്ടാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാകും.
സദാശിവൻ (ക്ഷീരകർഷകൻ,വെച്ചൂർ )
.