layikkad

ചങ്ങനാശേരി: പ്രഭാത, സായാഹ്ന നടത്തത്തിനായി റോഡിലേക്ക് ഇറങ്ങുന്ന ചങ്ങനാശേരിക്കാരുടെ അവസ്ഥ പരിതാപകരം. മാലിന്യം നിറഞ്ഞ നടപ്പാത, കടിച്ചുകീറാൻ നിൽക്കുന്ന തെരുവുനായ്ക്കളുടെ കൂട്ടം തുടങ്ങി പ്രതിസന്ധികൾ നീളുന്നു.

പാലാത്ര ബൈപാസ് റോഡും ളായിക്കാട് ബൈപാസ് റോഡും നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് പ്രഭാത, സായാഹ്ന നടത്തത്തിന് പറ്റിയ സ്ഥലങ്ങളായിരുന്നു.

ഇന്ന് ബൈപാസ് റോഡിലെ നടപ്പാതകൾ മുഴുവൻ മാലിന്യക്കൂമ്പാരമാണ്. ഭക്ഷണാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും പലയിടത്തായി തള്ളിയിരിക്കുന്നു. പല ഭാഗങ്ങളും കാട് കയറി കിടക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും വ്യാപകം. നടപ്പാതകൾ കയ്യേറിയുള്ള കച്ചവടവും തകൃതി.

പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ കയ്യിൽ നല്ലൊരു വടിയോ ഉറപ്പുള്ള കാലൻകുടയോ കരുതുന്നത് നല്ലതാണ്. ഏതു

സമയത്താണ് ഒറ്റയ്ക്കും കൂട്ടായും നടക്കുന്ന തെരുവ് നായ്ക്കൾ കുരച്ചുകൊണ്ട് വഴിമുടക്കി വരുന്നതെന്ന് അറിയില്ല. നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ ഏറെയാണ്. നായ്ക്കളുടെ ശല്യം കൂടിയപ്പോൾ വർഷങ്ങളായി മുടങ്ങാതെ നടത്തിയ പ്രഭാതസവാരി നിർത്തിയവരും വീട്ടിലെ മെഷ്യനിൽ ഒതുക്കിയവരുമൊക്കെയുണ്ട്. തകർന്നു കിടക്കുന്ന നടപ്പാതകളും മൂടിയില്ലാത്ത ഒാടകളുമാണ് മറ്റൊരു വില്ലൻ. നോക്കിയും കണ്ടും നടന്നില്ലെങ്കിൽ ഒാടയിൽ കാൽ അകപ്പെട്ട് ജീവൻ വരെ അപകടത്തിലാകാം.

മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതാണ് ഒരു പ്രതീക്ഷ. സ്റ്റേഡിയത്തിനു ചുറ്റുമായി നടക്കാൻ ട്രാക്ക് ഒരുക്കുന്നത് ശുഭസൂചനയാണ്. സ്റ്റേഡിയത്തിനുള്ളിൽ ആരംഭിക്കുന്ന ഔട്ട്ഡോർ ഗെയിം, മൾട്ടി ജിം സൗകര്യങ്ങളും പ്രതീക്ഷ നൽകുന്നു. നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാണ് ആവശ്യം.