മണർകാട്: മണർകാട് പുതുപ്പള്ളി റോഡിലൂടെ പോകണമെങ്കിൽ ഡ്രൈവർമാർക്ക് അസാമാന്യ ക്ഷമ വേണം. ആവശ്യത്തിലേറെ കുഴികളുണ്ട് ഈ റോഡിൽ. മണർകാട് ജംഗ്ഷനിൽ നിന്നും പുതുപ്പള്ളി റോഡിലേക്ക് കയറുന്ന പ്രവേശന ഭാഗം കുഴിയും മെറ്റൽ നിരന്നും അപകടാവസ്ഥയിലാണ്. ഗതാഗത പരിഷ്‌ക്കാരത്തെ തുടർന്ന് റോഡ് തകർന്ന ഭാഗത്ത് ട്രാഫിക് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ദിനംപ്രതി നിരവധി പേരാണ് റോഡിലൂടെ കടന്നുപോകുന്നത്. ചെറുതും വലുതുമായ വാഹനങ്ങളും ഇതുവഴി പോകുന്നു. ചങ്ങനാശേരി തെങ്ങണ ഭാഗത്തേക്കുള്ള സ്വകാര്യ ട്രാൻസ്‌പോർട്ട് ബസുകളുടെ സ്‌റ്റോപ്പും തകർന്ന റോഡിന് സമീപത്താണ്.
നടുവൊടിക്കും കുഴി
മണർകാട് വൺവേ റോഡ്, പഴയ കെ.കെ റോഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ഒരേ സമയം കടന്നുവരുന്ന ഭാഗമാണിവിടം. വാഹനങ്ങൾക്ക് ഈ ഭാഗം മറികടക്കാൻ കാത്തിരിക്കേണ്ടി വരുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. കുഴിയിൽചാടിയും മെറ്റലിൽ നിയന്ത്രണം വിട്ടുമറിഞ്ഞ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്. മഴ പെയ്യുമ്പോൾ കുഴികൾ വെള്ളക്കെട്ടാകും. കുഴിയും വെള്ളക്കെട്ടും അറിയാതെ എത്തുന്ന ചെറിയ വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. മാസങ്ങൾക്ക് മുൻപാണ് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. കനത്തമഴയിൽ വീണ്ടും റോഡ് പഴയപടിയായി. കാൽനടയാത്രികരും ദുരിതത്തിലാണ്.
പെരുന്നാളിന് മുൻപെങ്കിലും നന്നാക്കുമോ
മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നിരവധി ഭക്തജനങ്ങളാണ് വിവിധ ജില്ലകൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി മണർകാടിലേക്ക് ഒഴുകിയെത്തുന്നത്. മുൻകാലങ്ങളിൽ മണർകാട് ജംഗ്ഷൻ മുതലുള്ള ഭാഗത്തെ റോഡുകൾ തകർന്നാൽ മണർകാട് പള്ളി പെരുന്നാളാകുമ്പോൾ നന്നാക്കുമായിരുന്നു.
റോഡില കുഴികൾ നികത്തണം. ഇളകിക്കിടക്കുന്ന മെറ്റലുകൾ നീക്കണം. റോഡ് സഞ്ചാരയോഗ്യമാക്കണം. -നാട്ടുകാർ