കോട്ടയം: ഓണക്കാലം ലക്ഷ്യമിട്ട് കൃഷിയിടത്തിൽ ഇടവിളയായി ചേനയും ചേമ്പുമൊക്കെ നട്ടവർക്ക് ഇത് നല്ല കാലമാണ്. വിപണിയിൽ രണ്ടിനും നല്ല വിലയുണ്ട്. അതും നൂറിന് മുകളിൽ. കിഴങ്ങ് വർഗങ്ങളുടെ വിലയിലെ കുതിപ്പ് നാട്ടിൻപുറത്തെ കർഷകർക്ക് വലിയ ആശ്വാസമായി മാറി. ഓണമാകുന്നതോടെ വില വീണ്ടും കൂടാൻ സാധ്യത ഏറെയാണ്.
പ്രാദേശിക മാർക്കറ്റുകളിൽ 110
നഗരത്തിലെ മാർക്കറ്റിൽ ഇന്നലെ ഒരു കിലോ ചേനയുടെ വില 95 രൂപയായിരുന്നു. പ്രാദേശിക മാർക്കറ്റുകളിൽ വില 110 ലേക്കെത്തി.
അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്നവയെക്കാൾ നാടൻ ചേനയ്ക്കാണ് ആവശ്യക്കാരേറെ. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയിരുന്ന വളരെ കുറച്ച് കർഷകർ മാത്രമാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 50 രൂപയായിരുന്നു ചേന വില.
നാടനാണ് താരം
നാടൻ ചേമ്പിന്റെ വിലയും 100 രൂപയിലെത്തി. വരവു ചേമ്പിന്റെ വില 80, 90 രൂപയാണ്. എന്നാൽ കാച്ചിൽ വില അത്രകണ്ട് വർദ്ധിച്ചിട്ടില്ല. കോട്ടയം മാർക്കറ്റിലെ ഇന്നലത്തെ ചില്ലറ വില 60 രൂപയാണ്. കൂർക്ക വില 150 രൂപ വരെയെത്തി. ഇന്നലെ 110 രൂപയായിരുന്നു കോട്ടയം മാർക്കറ്റിലെ വില.
ഇവയ്ക്ക് നല്ല വില
ഉരുളക്കിഴങ്ങ്: 60 രൂപ
ഇഞ്ചി: 200 രൂപ
കാരറ്റ്: 160
മുളക്: 120
കടച്ചക്ക :100
വെളുത്തുള്ളി : 260