monkey

കോട്ടയം : കണ്ണൊന്ന് തെറ്റിയാൽ കണ്ണിൽക്കണ്ടതെല്ലാം ചൂണ്ടും. അടുക്കളയിൽ പോലും ഭക്ഷണസാധനങ്ങൾ അപ്രത്യക്ഷം. വലിഞ്ഞു കയറിയെത്തിയ വികൃതിക്കുരങ്ങൻ പനച്ചിക്കാട്ടിനെ വട്ടംചുറ്റിക്കുമ്പോൾ അധികൃതർ കണ്ട് രസിക്കുകയാണ്. അങ്കണവാടിയുടെ ഓടുകൾ ഇളക്കി താഴെയെറിയൽ, കടയ്ക്കുള്ളിൽ കയറി പഴങ്ങളടക്കം എടുത്ത് കഴിയ്ക്കുക, കോഴിക്കൂട്ടിൽ നിന്ന് മുട്ടയെടുക്കുക, പാത്രങ്ങൾ വലിച്ചെറിയുക... ഇതൊക്കെയാണ് പ്രധാന ഹോബി. പനച്ചിക്കാട് ക്ഷേത്രത്തിലും പരിസരപ്രദേശത്തുമാണ് ഏതാനും ദിവസങ്ങളായി ശല്യം രൂക്ഷമായിരിക്കുന്നത്. ക്ഷേത്രത്തിന് സമീപമാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. കുരുന്നുകൾ പോലും ഇവിടെ ഭീതിയോടെയാണ് ഇരിക്കുന്നത്.

മുൻകാലങ്ങളിലും കൂട്ടമായി കുരങ്ങുകൾ ഇവിടെയെത്തിയിട്ടുണ്ട്. പക്ഷെ ഒന്നൊന്നും ഇത്രയും ദുരിതം നാട്ടുകാർക്കില്ലായിരുന്നു. ചാന്നാനിക്കാട്, പാത്താമുട്ടം, പാമ്പൂരാപാറ, മൈലാടുംകുന്ന്, കുഴിമറ്റം എന്നിവിടങ്ങളിലായിരുന്നു മുൻപ് ഇവയുടെ വിഹാരകേന്ദ്രം. വനംവകുപ്പിനെ അറിയിച്ചിട്ടും കുരങ്ങിനെ പിടിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.

കൂട്ടിന് കാട്ടുപന്നിയും

വേനൽക്കാലത്ത് കിഴക്കൻ മലയോര മേഖലയായ നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം നേരിട്ടിരുന്നു. പാകമാകാത്ത മരച്ചീനി പിഴുതെറിയും. കുലച്ചവാഴകളും ഇവർ വെറുതെ വിടാറില്ല. നേരം വെളുക്കുമ്പോൾ നിലംപൊത്തിയ വാഴകളും മരച്ചീനിയുമാണ് കർഷകർക്ക് മിച്ചം കിട്ടുന്നത്. മരത്തിൽ കായ്ക്കുന്ന വിളകൾ ഇപ്പോൾ കുരങ്ങും കവരുന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ.

''പ്ലാച്ചേരി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെ എത്തിയില്ല. കുരങ്ങിനെ പിടികൂടാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.

(റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്).