പാലാ: ''പ്രിയ സുഹൃത്തുക്കളെ ഞാനൊരു ലോറി ഡ്രൈവറാണ്. അസുഖബാധിതരായ അച്ഛനും അമ്മയും ഒപ്പം ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്നതാണ് എന്റെ കുടുംബം. എനിക്ക് പത്ത് സെന്റ് സ്ഥലമാണുള്ളത്. നടപ്പുവഴിയേയുള്ളൂ. വയനാട്ടിലെ ദുരന്തത്തിൽ സ്ഥലവും വീടും നഷ്ടപ്പെട്ട പാവങ്ങളാരെങ്കിലുമുണ്ടെങ്കിൽ അതിൽ അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകാം...'' ഭരണങ്ങാനം ഉള്ളനാട് ചാത്തമലയിൽ അഭിലാഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് നാടാകെ ഏറ്റെടുത്തുകഴിഞ്ഞു.
നാല്പതുകാരനായ അഭിലാഷിന്റെ നല്ലമനസ് നാട്ടുകാർ തിരിച്ചറിയുകയാണ്. പിതാവ് ഗോപിയും മാതാവ് രാധയും ഭാര്യ പ്രിൻസിയും മക്കളായ അഭിഷേകും അനന്ദുവുമെല്ലാം അഭിലാഷിന്റെ ആഗ്രഹത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. അച്ഛന് ഒരു കൈക്ക് സ്വാധീനമില്ല. അമ്മയ്ക്ക് വിവിധ അസുഖങ്ങളുമുണ്ട്. അഭിലാഷ് ലോറി ഓടിച്ച് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം.
ഞാനും അതിജീവിച്ചു, വലിയ ദുരന്തത്തെ!
'മുപ്പത് വർഷം മുമ്പ് ചാത്തമലയിൽ വലിയൊരു ഉരുൾപൊട്ടി. വീട്ടിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി. അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല. ചേട്ടൻ രൂപേഷും ഞാനും ഒഴുക്കിൽപ്പെട്ടു. പെട്ടെന്ന് ഒരു തോർത്തുമുണ്ടും കൈലിമുണ്ടുമെടുത്ത് വല്യമ്മ നാരായണി
ഞങ്ങൾ രണ്ടുപേരെയും വീടിന്റെ തൂണിൽ കെട്ടിയിട്ടു. അങ്ങനെയാണന്ന് രക്ഷപെട്ടത് '. അന്നത്തെ ഉരുൾപൊട്ടൽ നൽകിയ ഓർമ്മകൾ ഇന്നും അഭിലാഷിന്റെ മനസിലുണ്ട്. ഉരുൾപൊട്ടൽ നേരിട്ടവരുടെ ദൈന്യാവസ്ഥ എനിക്ക് മനസിലാകും. അതുതന്നെയാണ് ഈ തീരുമാനത്തിന് പിന്നിൽ.