kozhikombu-bus-stop

കോഴിക്കൊമ്പ്: കോഴിക്കൊമ്പ് ബസ് സ്റ്റോപ്പിലെത്തിയാൽ ഭയപ്പാടോടെ അല്ലാതെ ബസ് കാത്തുനിൽക്കാൻ കഴിയില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെ ഇല്ലായെന്നതുപോട്ടെ. നേരെ ചൊവ്വേ നിൽക്കാൻ ഒരിടം പോലുമില്ല. മൂടിയില്ലാത്ത ഒാടയ്ക്ക് മുന്നിൽവേണം വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ബസ് കാത്ത് നിൽക്കാൻ. കാലൊന്ന് തെറ്റിയാൽ വെള്ളമൊഴുക്കുള്ള ഓടയിൽ വീഴാം. പരിക്കുപറ്റാം. അധികാരികൾക്ക് ഇതൊന്നും കാണാൻ സമയമില്ലല്ലോ. പാലാ വൈക്കം റൂട്ടിൽ ആണ്ടൂരിനും ഇല്ലിക്കലിനും ഇടയിലാണ് കോഴിക്കൊമ്പ് ബസ് സ്റ്റോപ്പ്. മൂന്നും കൂടിയ കവല.

ഇവിടെനിന്ന് പാലാ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് നിൽക്കാൻ ബസ് കാത്തിരിപ്പ്കേന്ദ്രം ഇല്ലാത്തത് ദുരിതമാണ്. വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ ഇട്ടിരിക്കുന്ന ചെറിയ സ്ലാബിൽ വേണമെങ്കിൽ നിൽക്കുന്നതും റിസ്കാണ്.

ഇടുങ്ങിയ ഈ സ്ഥലത്തുനിന്ന് ബസിൽ കയറുന്നതും ഇറങ്ങുന്നതും ഒരേപോലെ അപകടമാണ്. കണ്ണൊന്ന് തെറ്റിയാൽ കാൽ ഓടയിലാകും. കുഴിയിൽ വീണ് പരിക്കേൽക്കുമെന്നുറപ്പ്. പാലാ ഭാഗത്തേക്ക് ദിവസവും രാവിലെ നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കയറുന്ന ഈ സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലായെന്നത് ഖേദകരമാണ്. പെരുമഴയും പൊരിവെയലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് കോഴിക്കൊമ്പ് നിവാസികൾ.

അശാസ്ത്രീയമായ ബസ് സ്റ്റോപ്പ്

ചേർപ്പുങ്കൽ ഭാഗത്തുനിന്നുള്ള റോഡ് മെയിൻ റോഡിലേയ്ക്ക് ചേരുന്ന ഭാഗത്താണ് ബസുകൾ നിർത്തുന്നത്. പല സമയങ്ങളിലും വാഹനത്തിരക്ക് അനുഭവപ്പെടുന്ന ഈ സ്ഥലത്തു തന്നെ ബസുകൾ നിർത്തുന്നത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇവിടെയുള്ള സീബ്രാലൈൻ മാഞ്ഞുപോയിട്ട് വർഷങ്ങളായി. ചേർപ്പുങ്കൽ റോഡ് വന്നുചേരുന്ന ഇടത്തു നിന്ന് അൽപ്പം മാറ്റി സീബ്രാ ലൈൻ പുനഃസ്ഥാപിക്കണം, ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം എന്നീ ആവശ്യങ്ങളാണ് നാട്ടുകാർക്കുള്ളത്.

നവകേരള സദസിലും പരാതി കൊടുത്തു

കോഴിക്കൊമ്പ് ജംഗ്ഷനിൽ പാലാ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ ഞാൻ പരാതി കൊടുത്തു. എന്നാൽ പി.ഡബ്ല്യു.ഡി. വകുപ്പിന്റെ അനുമതിയും സ്ഥലവും ലഭിക്കുന്ന പക്ഷം, ഇത് പരിഗണിക്കാമെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ നിന്നും ലഭിച്ചത്. ഈ ഭാഗത്തുള്ള കലുങ്കും അടഞ്ഞ നിലയിലാണ്. നിലവിൽ ഇവിടെ ഒരു പുതിയ കെട്ടിടം പണിയുന്നത് നിയമാനുസൃതം പുറമ്പോക്ക് ഒഴിവാക്കിയാണ്. ഈ സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാവുന്നതേയുള്ളൂ.
ശ്രീജ ഗോപകുമാർ, ഏറത്തുരുത്തി ഇല്ലം, കോഴിക്കൊമ്പ്

സുനിൽ പാലാ

ഫോട്ടോ അടിക്കുറിപ്പ്
1. കോഴിക്കൊമ്പ് ജംഗ്ഷനിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലം. തൊട്ടുപിന്നിൽ വാ പിളർന്ന ഓടയും കാണാം.
2. കമന്റ് ഫോട്ടോ ശ്രീജ ഗോപകുമാർ