പാലാ: പാലാ ടൗൺ റിംഗ് റോഡ് രണ്ടാംഘട്ടത്തിന് ആവശ്യമായ ഭൂമി വിട്ടുനൽകാൻ തയാറാണെന്ന് സർവേ നടപടികളുടെ പുരോഗതി വിലയിരുത്താനെത്തിയ ജോസ്.കെ.മാണി എം.പിയെ ഭൂഉടമകൾ അറിയിച്ചു. രണ്ടാംഘട്ടം റിംഗ് റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ നടപടിയുണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നഗരഗതാഗതം കൂടുതൽ വിസ്തൃതമാകുമെന്നും നഗര തിരക്കിൽ നിന്നും ഒഴിവായി വാഹനയാത്ര എളുപ്പമാവുമെന്നും ജോസ്.കെ.മാണി പറഞ്ഞു. പ്രാദേശിക വികസനവും ഇതോടെ സാദ്ധ്യമാകും. മീനച്ചിൽ പഞ്ചായത്ത് മേഖലയ്ക്ക് കുതിപ്പേകും. നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, പ്രൊഫ. ജോസ് വട്ടമല, കെ.കെ.ഗിരീഷ്, സണ്ണി വെട്ടം, ചാൾസ് തച്ചങ്കേരി, ജോസി തുമ്പശ്ശേരി, ഫിലിപ്പ് മണിയഞ്ചിറക്കുന്നേൽ, സാജു കൂറ്റനാൽ, ഷാൽ പറപ്പള്ളിയാത്ത്, ശശി പനയ്ക്കൽ, രമേശ് കുറ്റിയാങ്കൽ, ടോമിൻ വട്ടമല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അവസാനഘട്ടത്തിൽ
ഡി.പി.ആർ തയ്യാറാക്കുന്നതിനായി ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മണ്ണുറപ്പും കയറ്റിറക്കങ്ങൾ കുറയ്ക്കുന്നതിനുള്ള പരിശോധനയുമാണ് ഇപ്പോൾ നടത്തുന്നത്. പതിനാറോളം ഇടങ്ങളിൽ മണ്ണിന്റെ അടിത്തട്ട് പരിശോധനയാണ് നടത്തി വരുന്നത്.