കടനാട് :പഞ്ചായത്തിൽ കണ്ടത്തിമാവ് വാർഡിൽ പെരുംകുന്ന് ഭാഗത്ത് പാറമടയ്ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി എക്‌സ്‌പ്ലൊസീവ് മാഗസീൻ സ്ഥാപിക്കുവാനുള്ള പാറമട ലോബികളുടെ നീക്കത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിർക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ഇതു സംബന്ധിച്ച് ഇന്നലെ 'കേരള കൗമുദി ' പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു യു.ഡി. എഫ്. നേതൃത്വം.
വയനാട് ദുരന്തം നടന്ന പശ്ചാത്തലത്തിലും, നീലൂർ കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റിന്റെ സമീപപ്രദേശം ആയതിനാലും ഇവിടെ അനുവദിക്കുന്ന പാറമട ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറുന്നതു കൊണ്ട് പാറമടയ്ക്ക് അനുകൂലമായ ഏതു തീരുമാനത്തെയും എതിർക്കുമെന്നും യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.
യു.ഡി.എഫ് ചെയർമാൻ ബിന്നി ചോക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മത്തച്ചൻ അരീപ്പറമ്പിൽ, സിബി അഴകംപറമ്പിൽ, ജോസ് വടക്കേക്കര, ജോസഫ് കൊച്ചുകുടി, അപ്പച്ചൻ മൈലിയ്ക്കൽ, സിബി നെല്ലൻകുഴിയിൽ, ബിജു പറത്താനം, ലാലി സണ്ണി, സിബി ചക്കാലയ്ക്കൽ, ജോസ് പ്ലാശനാൽ, ബിന്ദു ബിനു, ഗ്രേസി ജോർജ് എന്നിവർ പ്രസംഗിച്ചു.