കുമരകം : കുമരകം കോണത്താറ്റ് പാലം നിർമ്മാണത്തിനായി അടച്ചപ്പോൾ പകരം ഗതാഗത സൗകര്യമൊരുക്കിയ റോഡുകൾ തകർന്നു. ആശുപത്രി ഈഴക്കാവ് - അങ്കണവാടി റോഡും, പൊലീസ് സ്റ്റേഷൻ റോഡുമാണ് തകർന്നത്. കോണത്താറ്റ് പാലത്തിന്റെ പടിഞ്ഞാറേ കരയിൽ കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുരുമന്ദിരം റോഡിലൂടെ ബണ്ട് റോഡ് കയറിയാണ് പ്രധാന റോഡിൽ പ്രവശിക്കുന്നത്. ചേർത്തല, കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ആശുപത്രി റോഡുവഴി കയറി ഹൈസ്കൂൾ റോഡുവഴി അട്ടിപീടിക റോഡിലാണ് പ്രവേശിക്കുക. എന്നാൽ മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ ആശുപത്രി റോഡിൽ നിന്നും ഈഴക്കാവ് കുറുക്ക് വഴിയിലൂടെ പ്രധാന റോഡിൽ പ്രവേശിക്കുന്നു. പഞ്ചായത്ത് റോഡിൽ വാഹന സഞ്ചാരം ഏറിയതോടെ റോഡിലെ കോൺക്രീറ്റും, ടാറിംഗും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ട അവസ്ഥയിലാണ്. എളുപ്പ മാർഗത്തിൽ ആശുപത്രിയിൽ എത്താനുള്ള റോഡിൽ കാൽനട യാത്രപോലും പ്രയാസമാണ്. മാത്രമല്ല ഈഴക്കാവ് റോഡിൽ നിന്നും പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവേശിക്കുന്ന കലുങ്കിന് കൈവരികൾ ഇല്ല. ഇരുചക്ര വാഹനങ്ങൾ തോട്ടിൽ വീഴുന്നത് പതിവാണ്. പാലം നിർമ്മാണത്തിനായി പകരം ക്രമീകരിച്ചിരിക്കുന്ന റോഡുകൾ തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നന്നാക്കാനോ കുഴികൾ അടയ്ക്കുവാനോ കലുങ്കിന് കൈവരി നിർമ്മിക്കുവാനോ പോലും അധികാരികൾ തയ്യാറാകാത്ത അവസ്ഥയാണ്. കോണത്താറ്റ് പാലം പുനർ നിർമ്മാണത്തിനായി പഴയ പാലം പൊളിക്കുകയും, പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താമസിക്കുകയും ചെയ്യുന്നത് മൂലം കുമരകം റൂട്ടിലൂടെയുള്ള യാത്രക്കാർ വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്. മാത്രമല്ല സമാന്തര പാതകൾക്ക് വീതി കുറവായതിനാൽ ഇവിടങ്ങളിൽ അപകടങ്ങളും പതിവ് സംഭവങ്ങളാണ്. കാൽനട യാത്രക്കാർക്ക് യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെ ഭയന്നാണ് ആളുകൾ മറുകരകളിൽ എത്തുന്നത്. ബദൽ റോഡുകൾ അടിയന്തരമായി നന്നാക്കുന്നതിന് ഉള്ള ഇടപെടൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.