വാഴൂർ: ദേശീയപാതയിലെ മിക്ക കവലകളും വികസിച്ചു. പക്ഷേ ഇളമ്പള്ളി കവലയ്ക്ക് മാത്രം വികസനമില്ല. ഈ കവലയിൽ നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രം പോലുമില്ല. പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി കിഴക്കൻമേഖലയിലേക്കുള്ള യാത്രക്കാർ ബസ് കാത്തിരിക്കുന്നിടത്താണ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാവുന്നത്. നാട്ടുകാരുടെ ആവശ്യത്തിന് അധികൃതർ പുല്ലുവില കൽപ്പിച്ചതോടെ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. ഇല്ലിമുളയും ടിൻഷീറ്റുംകൊണ്ട് നിർമ്മിച്ച് ഫ്ളക്സ് ബോർഡുകൾകൊണ്ട് മറച്ചാണ് ഷെഡ് നിർമ്മിച്ചത്. ഇവിടെയാണ് വെയിലും മഴയുമേൽക്കാതെ യാത്രക്കാർ കാത്തുനിൽക്കുന്നത്. കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർക്കായി ഇളമ്പള്ളി കവലയിൽ ഒരു കാത്തിരിപ്പ് കേന്ദ്രം ഉണ്ട് .കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ച ഈ ഷെഡ്ഡ് കാടുമൂടി കണ്ടുപിടിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കാട് തെളിച്ച് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കിയത്. ഇളമ്പള്ളിക്കവലയിലുള്ള റോഡും തകർന്നുകിടക്കുകയാണ്. ഇവിടെ റോഡ് നന്നാക്കി ഉറപ്പുള്ള കാത്തിരിപ്പ് കേന്ദ്രവും കംഫർട്ട് സ്റ്റേഷനും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.