raghavan-nair

പൊൻകുന്നം: രണ്ട് പതിറ്റാണ്ടിലധികം വെള്ളാവൂർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച പി.കെ രാഘവൻനായർ സ്ഥാനമൊഴിഞ്ഞു. പുതിയ ഭരണ സമിതിക്ക് കഴിഞ്ഞ ദിവസം അധികാരം കൈമാറി. 2004മുതൽ 2024വരെ തുടർച്ചയായി ഇരുപത് വർഷം പ്രസിഡന്റായും 88-91 കാലയളവിൽ ഡയറക്ടർബോർഡ് അംഗമായും പ്രവർത്തിച്ചു. സി.പി.എം.അംഗമായ കടയിനിക്കാട് പുഞ്ചവാളിക്കൽ പി.കെ.രാഘവൻനായർ എൽ.ഡി.എഫ് പാനലിന് നേതൃത്വം നൽകി മത്സരിച്ചാണ് തുടർവിജയം കരസ്ഥമാക്കിയത്. കങ്ങഴ വേലപ്പൻ മെമ്മോറിയൽ എൽ.പി.സ്‌കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു. അദ്ധ്യാപക ജോലിയിൽനിന്ന് വിരമിച്ചതിനുശേഷമാണ് അദ്ദേഹം ബാങ്കിന്റെ പ്രസിഡന്റായത്. കക്ഷിരാഷ്ട്രീയത്തിനപ്പുറം സഹകാരികളുടെ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞത് ബാങ്കിനെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള ഊർജമായെന്ന് രാഘവൻനായർ പറയുന്നു. 2004വരെ നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭത്തിലാക്കി. 27 ലക്ഷം രൂപ മുടക്കി ബാങ്കിന് സ്വന്തമായി വസ്തു വാങ്ങി. ഒരുകോടി രൂപ മുടക്കി ആസ്ഥാനമന്ദിരവും നിർമ്മിച്ചു. മണിമലയിൽ ശാഖ തുറന്നു. ഒപ്പം നീതി മെഡിക്കൽസ്റ്റോറും പ്രവർത്തനമാരംഭിച്ചു. ആതുര ചികിത്സാ സഹായം, പാലിയേറ്റീവ് ഉപകരണ വിതരണം, കൂട്ടായ്മകൾക്കും വ്യക്തികൾക്കും ചെറിയ പലിശയിൽ സാമ്പത്തിക സഹായം, പാവപ്പെട്ട കുടുംബങ്ങൾക്കും കർഷകർക്കും സഹായമെത്തിക്കുന്നതിന് സംവിധാനമുണ്ടാക്കിയതടക്കം നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പാക്കി.