പ്രതിസന്ധിയിൽ താറാവ് കൃഷിയും കർഷകരും
കോട്ടയം: കൈയിൽ നയാ പൈസയില്ല. വർഷങ്ങളായുള്ള ഉപജീവനമാർഗമായതിനാൽ താറാവ് കൃഷിയാണ് ഏക ആശ്രയം. പക്ഷേ മുന്നോട്ട് ഇനിയെന്തെന്ന ചോദ്യത്തിന് മുമ്പിൽ പകച്ചുനിൽക്കുകയാണ് കർഷകർ. പക്ഷിപ്പനി ശമിച്ചിട്ടും മൃഗസംരക്ഷണവകുപ്പിന്റെ അഴകൊഴമ്പൻ നയമാണ് കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. പ്രശ്നബാധിത മേഖലകളിൽ ഒരു വർഷത്തേക്ക് താറാവ് വില്പന നിരോധിച്ചുവെന്ന് സർക്കാർ പ്രഖ്യാപനം വന്നിരുന്നെങ്കിലും താറാവ് കുഞ്ഞുങ്ങളെ ഇനി വളർത്താമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ ഉദ്യോഗസ്ഥർക്കും വ്യക്തമായ മറുപടിയില്ല. ക്രിസ്തുമസ് വിപണിക്കായി ഇപ്പോൾ താറാവ് കുഞ്ഞുങ്ങളെ വളർത്തിതുടങ്ങേണ്ട സമയമാണ്. പക്ഷേ കുഞ്ഞുങ്ങളെ കേരളത്തിൽ കിട്ടാനില്ല. തിരുവല്ലയിലെ സർക്കാർ ഹാച്ചറിയിലും കുഞ്ഞുങ്ങൾ വിതരണത്തിനില്ല. പക്ഷിപ്പനിയിൽ സാമ്പത്തികമായി തകർന്ന കർഷകർ ക്രിസ്തുമസ് വിപണി തങ്ങളുടെ നഷ്ടം നികത്തുമെന്ന് സ്വപ്നം കാണുമ്പോഴാണ് താറാവ് വളർത്തലിലെ അനിശ്ചിതത്വം തുടരുന്നത്.
താറാവ് കർഷകർ കൂടുതൽ
തിരുവാർപ്പ്
കല്ലറ
നീണ്ടൂർ
തലയാഴം
കുമരകം
വെച്ചൂർ
വൈക്കം
ചങ്ങനാശേരി
തമിഴ്നാടിനെ ആശ്രയിക്കണം
സർക്കാർ ഹാച്ചറിയിൽ നിന്ന് താറാവ് കുഞ്ഞുങ്ങളെ ലഭിക്കാത്തതിനാൽ കർഷകർ തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ഏജന്റന്മാർ വഴി മുൻകൂറായി പണമടച്ചാലേ കുഞ്ഞുങ്ങളെ ലഭിക്കൂ. അടുത്തമാസം വിരിപ്പുകൃഷി കഴിയുന്നതോടെ പാടങ്ങളിലെ തീറ്റ മുന്നിൽകണ്ടാണ് പ്രധാനമായും താറാവ് വളർത്തൽ. തമിഴ്നാട്ടിൽ നിന്ന് നിലവാരം കുറഞ്ഞ കുഞ്ഞുങ്ങളെയാണ് ലഭിക്കുക എന്നതിനാൽ കർഷകർ ബുക്ക് ചെയ്യാൻ മടിക്കുകയാണ്. ഇത് ക്രിസ്തുമസ് കാലത്തെ താറാവ് വിപണിയെ ബാധിക്കും.
നഷ്ടപരിഹാരം ലഭിച്ചിട്ടില്ല
പക്ഷിപ്പനി ബാധിതമേഖലയിൽ പതിനായിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൂട്ടക്കൊല നടത്താൻ കാണിച്ച താത്പര്യം നഷ്ടപരിഹാരം നൽകുന്നതിൽ ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
''പക്ഷിപ്പനിയുടെ തുടർച്ചയായി അടുത്ത സീസണിൽ താറാവ് കൃഷി വേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ ഞങ്ങളുടെ ജീവിതം വഴിമുട്ടും. കൃഷി നിലനിറുത്തണം.
തോമസുകുട്ടി (താറാവ് കർഷകൻ )