vhcles

കോട്ടയം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശ്മശാന ഭൂമിയെന്നൊക്കെ പറയാവുന്ന തരത്തിൽ ചില ഭാഗങ്ങൾ നഗരത്തിലുണ്ട്. വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഭാഗം, ജനറൽ ആശുപത്രി, കളക്ട്രേറ്റ് വളപ്പ് എന്നിവ ഉദാഹരണം മാത്രം. പ്രതാപവും പ്രൗഢിയും നഷ്ടപ്പെട്ട ഔദ്യോഗിക വാഹനങ്ങൾ, വിവിധ കേസുകളിലും മറ്റുമൊക്കെയായി പിടിച്ചെടുത്ത വാഹനങ്ങൾ, ആശുപത്രി ആംബുലൻസുകൾ എന്നിവയെല്ലാം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലുണ്ട്.

കാട് വകഞ്ഞാൽ കാണാം
കാർ, ജീപ്പ്, ലോറി, ട്രക്ക്, ഓട്ടോറിക്ഷ എന്നിങ്ങനെ ഒരു കാലത്ത് നിരത്തുകൾ കീഴടക്കിയ നിരവധി വാഹനങ്ങളാണ് കാടുമൂടി കിടക്കുന്നത്. വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിൽ റോഡരികിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഇഴജന്തുക്കളുടെ സുഖവാസകേന്ദ്രമായി. ഇത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം മുതൽ 500 മീറ്റർ വരെ വാഹനങ്ങൾ റോഡരികിൽ കാട് കയറി കിടക്കുന്നുണ്ട്. കഞ്ചാവ് കേസ് മുതൽ മോഷ്ടിച്ചു കൊണ്ടു വന്ന വാഹനങ്ങൾ വരെ ഈ കൂട്ടത്തിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഇവിടെ സൂക്ഷിക്കുന്ന വാഹനങ്ങളും ഉണ്ട്. കളക്ടറേറ് വളപ്പിലും പഴയ അംബാസിഡർ മുതൽ വിവിധ വകുപ്പുകളുടെ പഴയ വാഹനങ്ങളും ഉപേക്ഷിച്ച നിലയിൽ കിടക്കുന്നു. ജനറൽ ആശുപത്രി കോമ്പൗണ്ടിൽ മോർച്ചറിയ്ക്ക് സമീപം നിരവധി ആംബുലൻസുകളും മറ്റ് വാഹനങ്ങളും കാടുപിടിച്ചും തുരുമ്പെടുത്തും നശിച്ച നിലയിലാണ്.

വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും കാടുകയറി കിടക്കുന്ന വാഹനങ്ങളിൽ ഉണ്ടാകാമെന്ന് നാട്ടുകാർ പറയുന്നു. ഈ വാഹനങ്ങൾ പരിസരത്ത് നിന്നും മാറ്റുകയോ ലേലം ചെയ്തു മാറ്റുകയോ വേണം. കാടുമൂടികിടക്കുന്ന ഇവിടങ്ങൾ വൃത്തിയാക്കണം.

-പൊതുജനങ്ങൾ