കോട്ടയം: കുടിവെള്ളത്തിനായി നാട്ടുകാർ ആശ്രയിക്കുന്ന ചല്ലോലിക്കുളം സംരക്ഷിക്കാൻ ഇവിടെ ആളില്ലേ. കുളം അവഗണനയുടെ വക്കിലായിട്ട് നാളുകളായി. അധികൃതർ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലായെന്നത് ദുഖകരമാണ്. പള്ളിക്കത്തോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ആനിക്കാട് കയ്യൂരി റോഡിനോട് ചേർന്നാണ് ചല്ലോലിക്കുളം. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്നത് ഈ കുളത്തിൽ നിന്നാണ്. എന്നിട്ടുപോലും കുളത്തിന് സംരക്ഷണം ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലായെന്നത് ഞെട്ടിക്കുന്നതാണ്.
കുളത്തിന് ചുറ്റും കാട്
കുളത്തിനു ചുറ്റും കാടുപിടിച്ചു കിടക്കുന്ന നിലയിലാണ്. വെള്ളത്തിലേക്ക് പോലും കാട് വളർന്നിരിക്കുന്നു. സുരക്ഷിതമായ സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ റോാഡിലൂടെ കടന്നുപോകുന്നവർക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ എളുപ്പമാണ്.
മഴ പെയ്യുമ്പോൾ റോഡിൽ നിന്നുള്ള വെള്ളം കുളത്തിലേക്ക് ഒഴുകുന്നെന്ന പരാതിയെ തുടർന്ന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നീക്കം നടത്തിയിരുന്നു. ഇരുമ്പു തൂണുകൾ സ്ഥാപിച്ച് മറ ഒരുക്കാനായിരുന്നു പദ്ധതി. എന്നാൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ചെങ്കിലും മറ ഒരുക്കിയിട്ടില്ല. തൂണുകളാവട്ടെ തുരുമ്പെടുത്ത് നശിക്കുന്നു.
ഇളമ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി കുളത്തിലേക്ക് പോകാനുള്ള സാദ്ധ്യതയേറെയാണ്. കഴിഞ്ഞ ദിവസം മോഷ്ടാവ് ഓടിച്ചു കൊണ്ടു വന്ന ബൈക്ക് കുളത്തിനു സമീപം മറിഞ്ഞിരുന്നു.
മറ സ്ഥാപിക്കാത്തതിനാൽ കുളത്തിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളും പതിവാണ് ഇവിടെ. കുളത്തിന്റെ മറ്റു വശങ്ങളിൽ നിന്ന് മഴവെള്ളം ഉൾപ്പെടെ ഒഴുകി ചാടുന്നുണ്ട്. -പ്രദേശവാസികൾ