വൈക്കം: ആറ്റുകാൽ ക്ഷേത്രം മേൽശാന്തിയായി നിയോഗം ലഭിച്ച വൈക്കം ഇണ്ടംതുരുത്തി മന വി. മുരളീധരൻ നമ്പൂതിരി ചിങ്ങം ഒന്നിന് ചുമതലയേൽക്കും. 9ന് ആറ്റുകാലിലേക്ക് യാത്ര തിരിക്കും. ആചാര്യനും കുടുംബത്തിലെ കാരണവരുമായ ഉദയനാപുരം മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് യാത്ര പുറപ്പെടുക. ആചാരപ്രകാരം 10 മുതൽ 16 വരെ ആറ്റുകാൽ ക്ഷേത്രത്തിൽ ഭജന ഇരുന്ന ശേഷമാണ് മുരളീധരൻ നമ്പൂതിരി മേൽശാന്തിയായി ചുമതലയേൽക്കുക ആദ്യമായാണ് ആറ്റുകാൽ ക്ഷേത്രത്തിലെ മേൽശാന്തിയാകുന്നത്. 2004ൽ ശബരിമല മേൽശാന്തിയായിരുന്ന മുരളീധരൻ നമ്പൂതിരി ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ കുടുംബ ക്ഷേതമായ ഇണ്ടംതുരുത്തിൽ ദേവീ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ ഗീത. മക്കൾ വിഷ്ണു, വിഘ്‌നഷ്, വീണ. മുരളീധരൻ നമ്പൂതിരിയുടെ ജ്യേഷ്ഠൻ വി.നീലകണ്ഠൻ നമ്പൂതിരി ശബരിമലയിലും ആറ്റുകാലിലും മേൽശാന്തി ആയിട്ടുണ്ട്.
2004ൽ ശബരിമല മേൽശാന്തിയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുദേവൻ നമ്പൂതിരിയിൽ നിന്നാണ് വി.മുരളീധരൻ നമ്പൂതിരി ശബരിമല മേൽശാന്തി സ്ഥാനം ഏറ്റെടുത്തത്. അതേ വിഷ്ണുദേവൻ നമ്പൂതി രിയിൽ നിന്നാണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ മേൽശാന്തി സ്ഥാനവും ഏറ്റുവാങ്ങുന്നത്. അനുജൻ വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയാണ്.