കടനാട്: ഗ്രാമപഞ്ചായത്തിൽ ഇനി പാറമട വേണ്ടെന്ന ഉറച്ച നിലപാടിലാണ് പഞ്ചായത്ത് കമ്മിറ്റി. ഇക്കാര്യത്തിൽ ഭരണപ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടാണ്. കടനാട് പഞ്ചായത്തിലെ നീലുരിൽ പാറമട ആരംഭിക്കുന്നതിന് മുന്നോടിയായി വെടിമരുന്നുകൾ സൂക്ഷിക്കാൻ ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്ക് കടനാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കോട്ടയം ജില്ലാ റവന്യു അധികാരികൾ റിപ്പോർട്ട് തേടിയ വിവരം കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പാറമടക്കെതിരെ കടനാട് പഞ്ചായത്തിലെ യു.ഡി.എഫ് രംഗത്തുവന്നിരുന്നു. ഒരു കാരണവശാലും പാറമട അനുവദിക്കില്ലെന്ന് ഇടതുമുന്നണിയിൽപ്പെട്ട കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉറപ്പുനൽകി. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മറ്റി ഐകകണ്‌ഠേനയാണ് പാറമടക്കെതിരെ തീരുമാനമെടുത്തത്. പാറമട ലോബിക്ക് വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസിനുള്ള അപേക്ഷ സംബന്ധിച്ച് സെക്രട്ടറി എതിരായ റിപ്പോർട്ടാണ് തയാറാക്കിയത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ഉഷാ രാജു, നീലൂർ വാർഡ് മെമ്പർ ബിന്ദു ബിനു, സെൻ സി.പുതുപ്പറമ്പിൽ, ജെയ്‌സി സണ്ണി, ജോസ് പ്ലാശനാൽ തുടങ്ങിയവർ പങ്കെടുത്തു.
സമരവുമായി ജനങ്ങളുമെത്തി
ഇന്നലെ പഞ്ചായത്ത് ഓഫീസിന് പുറത്ത് നീലൂർ വാർഡിലെ ജനങ്ങൾ സമരവുമായി എത്തിയിരുന്നു. പഞ്ചായത്ത് കമ്മറ്റി പാറമടക്കെതിരെ തീരുമാനമെടുത്തതോടെ ഇവർ പിരിഞ്ഞുപോയി. പി.ആർ. മുരളീധരൻ, ബിജു മൈക്കിൾ, ബെന്നി ഫിലിപ്പ്, തോമസ് താഴത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.