പാലാ: സിംഗിൾ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിൽ സർവീസ് തന്നെ വേണ്ടെന്ന് വയ്ക്കുന്നതാണോ പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതരുടെ നയം. നിങ്ങൾക്കാരാണ് ഇതിനുള്ള അധികാരം നൽകിയത്. പാലാ ഏഴാച്ചേരി രാമപുരം വഴിയുള്ള യാത്രക്കാർ ഒന്നടങ്കം ചോദിക്കുകയാണ്.

കൊവിഡിന് മുമ്പ് ഏഴാച്ചേരി വഴി ദിവസം 12 ചാൽ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ് സർവീസ് ഉണ്ടായിരുന്നു. കൊവിഡിന് ശേഷം അത് നാല് ചാലായി കുറച്ചു. സിംഗിൾ ഡ്യൂട്ടി പുനക്രമീകരണത്തിന്റെ ഭാഗമായി ഇന്നലെ മുതൽ അത് ഒരേയൊരു ചാലായി. നിലവിൽ രാമപുരത്തുനിന്ന് രാവിലെ 8 ന് ഏഴാച്ചേരി വഴി ഒരേയൊരു കെ.എസ്.ആർ.ടി.സി. ബസ് മാത്രം. രാവിലെ 9.30 നും വൈകിട്ട് 4 നുമൊക്കെ ഉണ്ടായിരുന്ന സർവീസുകൾ ഒറ്റയടിക്ക് നിർത്തലാക്കി. ഇതേസമയം ചില ഉദ്യോഗസ്ഥർ താമസിക്കുന്ന പഞ്ചായത്തുകളിലൂടെ കൂടുതൽ സർവീസ് ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വരെ രാവിലെ 7 ന് രാമപുരത്തേക്കും തുടർന്ന് 8 ന് പാലായ്ക്കും 9.30 ന് രാമപുരത്തേക്കും വൈകിട്ട് 4.10 ന് രാമപുരത്തേക്കും 5.30 ന് പാലായ്ക്കുമൊക്കെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ് സർവീസ് നടത്തിയിരുന്നു. ഇതാണ് സിംഗിൾ ഡ്യൂട്ടിയുടെ മറവിൽ ഒറ്റയടിക്ക് നിർത്തലാക്കിയത്.


നിർത്തലാക്കിയത് അര നൂറ്റാണ്ട് മുമ്പ് മുതലുള്ള സർവീസ്

ഏഴാച്ചേരി വഴി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഓടിക്കൊണ്ടിരുന്ന രാമപുരം സ്റ്റേ സർവീസ് ഉൾപ്പെടെ നിർത്തലാക്കിയവയിൽ പെടുന്നു. സിംഗിൾ ഡ്യൂട്ടി ആക്കണമെങ്കിൽ സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ബി.എം.എസ്. എന്നീ മൂന്ന് യൂണിയനുകൾ കൂട്ടായി തീരുമാനമെടുത്ത് ഡിപ്പോ അധികാരികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഏഴാച്ചേരി വഴിയുള്ള സർവീസ് ഒറ്റയടിക്ക് നിർത്തലാക്കുന്നതിനെ എതിർത്ത സി.ഐ.ടി.യു. നേതാക്കൾ ഇത് ഒന്നര ഡ്യൂട്ടി പറ്റേണിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് യൂണിയൻ നേതാക്കൾ വിശദീകരിക്കുന്നു. ഇതുസംബന്ധിച്ച് യൂണിയൻ രേഖാമൂലമുള്ള നിർദ്ദേശം നാളെ പാലാ എ.ടി.ഒ.യ്ക്ക് സമർപ്പിക്കും.


വീട്ടമ്മമാരായ യാത്രക്കാർ എ.ടി.ഒ.യെ ഉപരോധിക്കും

ഏഴാച്ചേരി വഴിയുള്ള ബസ് സർവീസ് ഒറ്റയടിക്ക് നിർത്തലാക്കിയത് മൂന്ന് ദിവസത്തിനുള്ളിൽ പുനരാരംഭിച്ചില്ലെങ്കിൽ പാലാ കെ.എസ്.ആർ.ടി.സി. എ.ടി.ഒ.യെ ഓഫീസിൽ വീട്ടമ്മമാർ ഉപരോധിക്കുമെന്ന് ഏാഴച്ചേരി കെ.എസ്.ആർ.ടി.സി. ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ കൺവീനർ കെ.പി. രമാദേവി പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്ന രാവിലെയും വൈകിട്ടുമുള്ള സർവീസ് നിർത്തലാക്കിയ ഡിപ്പോ അധികാരികളുടെ നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്നും രമാദേവി തുടർന്നു.


സുനിൽ പാലാ