dyfi

പാലാ: സാന്ദ്രയുടെ സൻമനസിന് മുന്നിൽ സഹപ്രവർത്തകർക്കും കണ്ണുനിറഞ്ഞു. ആകെയുള്ള 25 സെന്റ് സ്ഥലത്തിൽ 21 സെന്റ് സ്ഥലം വയനാട്ടിലെ ഭവനരഹിതർക്ക് വീടൊരുക്കാൻ മനസുനിറഞ്ഞ സന്തോഷത്തോടെ സാന്ദ്ര സംഭാവന ചെയ്തു.

ഡി.വൈ.എഫ്.ഐ. വയനാട്ടിൽ നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ ധനശേഖരണത്തിനായാണ് സാന്ദ്രയും അമ്മ ബീനയും അനിയത്തി സാനിയയും ചേർന്ന് തങ്ങളുടെ പേരിലുള്ള 21 സെന്റ് സ്ഥലം സമർപ്പിച്ചത്.

പാലായ്ക്കടുത്ത് കരൂർ വെള്ളഞ്ചൂർ ചാത്തംകുളം കുടുംബാംഗമാണ് സാന്ദ്ര. ഡി.വൈ.എഫ്.ഐ.യുടെ പാലാ മേഖല മുൻ വൈസ് പ്രസിഡന്റുമായിരുന്നു. ഇപ്പോൾ ഇടമറ്റം വി.കെ.പി.എം. എൻ.എസ്.എസ്. ടി.ടി.ഐയിൽ ടി.ടി.സി. വിദ്യാർത്ഥിനിയാണ്.

വെള്ളഞ്ചൂരിൽ ഇവർക്ക് നാലര സെന്റ് സ്ഥലം മാത്രമേയുള്ളൂ. തൊടുപുഴയ്ക്ക് അടുത്ത് മുട്ടത്ത് തങ്ങളുടെ പേരിലുള്ള 21 സെന്റ് സ്ഥലമാണ് സാന്ദ്രയും അമ്മ ബീനയും സഹോദരി സാനിയയും ചേർന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾക്ക് സമർപ്പിച്ചത്. ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മറ്റിയംഗം ജെയ്ക് സി. തോമസ്, ജില്ലാ ഭാരവാഹികളായ ബി. സുരേഷ് കുമാർ, അഡ്വ. ബി. മഹേഷ് ചന്ദ്രൻ, ഡി.വൈ.എഫ്.ഐ. പാലാ ബ്ലോക്ക് സെക്രട്ടറി അഡ്വ. ഏഴാച്ചേരി വിഷ്ണു എൻ.ആർ, ബ്ലോക്ക് പ്രസിഡന്റ് അജിത് കെ.എസ്. എന്നിവർ സാന്ദ്രയിൽ നിന്നും ഇന്നലെ സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹികളായ രഞ്ജിത് സന്തോഷ്, അതിരാ സാബു, മുനിസിപ്പൽ കൗൺസിലർ ജോസിൻ ബിനോ, മേഖലാ സെക്രട്ടറി അലൻ ജോർജ് , സുനിൽ കൃഷ്ണ , ജിബു ബാബു, കാർത്തിക് സാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സാന്ദ്രയുടെ സൻമനസിന് ഡി.വൈ.എഫ്.ഐ. നേതാക്കൾ നന്ദി പറഞ്ഞു. ബജിക്കട ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി ഭവന നിർമ്മാണത്തിന് എല്ലാവിധ സഹായവുമേകുമെന്ന് ഡി.വൈ.എഫ്.ഐ. പാലാ ബ്ലോക്ക് സെക്രട്ടറി അഡ്വ. ഏഴാച്ചേരി വിഷ്ണു എൻ.ആർ. പറഞ്ഞു.