കോട്ടയം: വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ വിജയത്തിനായി ജില്ലയിലെ സി.പി.എം അംഗങ്ങളും വിവിധഘടകങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകും. ജില്ലാ കമ്മറ്റി അംഗങ്ങളുടെ വിഹിതവും പാർട്ടി ഫണ്ടും ചേർത്ത് അഞ്ചുലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.
കൂടാതെ എല്ലാ ഏരിയാ കമ്മറ്റികളും കുറഞ്ഞത് 50,000 രൂപയും 124 ലോക്കൽ കമ്മറ്റികൾ 10,000 രൂപയും 1,761 ബ്രാഞ്ചുകൾ 2,000 രൂപയും വീതം നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, മറ്റ് സമിതികളിലെ സി.പി.എം പ്രതിനിധികളായ എല്ലാവരും ഒരുമാസത്തെ ഓണറേറിയം സംഭാവനയായി നൽകും.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ജനങ്ങളോട് അഭ്യർത്ഥിച്ചുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. ഇതിനായി 10,11 തീയതികളിൽ ബ്രാഞ്ച് പ്രദേശങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിക്കും. 10ന് നേതാക്കളും ജനപ്രതിനിധികളും ഏരിയാ, ലോക്കൽ കേന്ദ്രങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാൻ ഒരാളിൽനിന്നും സംഭാവന നേരിട്ട് വാങ്ങില്ല. സർക്കാർ രൂപീകരിച്ചിട്ടുള്ള ദുരിതാശ്വാസനിധിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമടയ്ക്കാൻ അഭ്യർത്ഥിക്കും. ദുരിതാശ്വാസനിധി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ വൻ വിജയമാക്കണമെന്ന് സി.പി.എം ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.