rd

മണർകാട്: റോഡിന്റെ ഒരു ഭാഗത്ത് വിള്ളൽ,​ മറ്റൊരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിൽ. ദേശീയപാത 183 ൽ മണർകാട് ഐരാറ്റുനടയിൽ പാടശേഖരത്തിനു നടുവിലൂടെ പോകുന്ന പാതയിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപ് ഇവിടെ റോഡ് ഇടിഞ്ഞ് ട്രാൻസ്‌ഫോമർ അടക്കം തകർന്നിരുന്നു. ഇതേ തുടർന്ന് റോഡിന്റെ വശം സംരക്ഷണഭിത്തി കെട്ടി ഉറപ്പാക്കുകയും മണ്ണിട്ട് ഉയർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിള്ളലും ഇടിഞ്ഞു താഴുന്ന സ്ഥിതിയും. കനത്ത മഴ റോഡിന് ബലക്ഷയം ഉണ്ടാക്കുന്നു.

റോഡ് ഇടിഞ്ഞത് 2019ൽ
2019 ലെ കനത്ത മഴയിൽ 30 മീറ്ററോളം ദൂരത്തിൽ റോഡിന്റെ മദ്ധ്യഭാഗം വരെ തകർന്നിരുന്നു. തുടർന്ന് റോഡ് ബലപ്പെടുത്താൻ പാടത്ത് ഫൗണ്ടേഷൻ ഇട്ട് ബെൽറ്റ് വാർത്ത് കൽക്കെട്ട് കെട്ടിയുയർത്തിയാണ് റോഡ് ഉറപ്പാക്കിയത്. എന്നാൽ, ആഴ്ചകൾക്ക് മുൻപുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ റോഡ് വീണ്ടും ഇരുന്നു പോയി. ഇതോടെ ബലക്ഷയം വീണ്ടും ഉണ്ടായി. ടാറിംഗിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡായതിനാൽ അപകടസാദ്ധ്യത ഇരട്ടിയാണ്.

അപകടങ്ങളും അനധികൃത പാർക്കിംഗും
റോഡ് ഇരുന്നുപോയ ഭാഗത്തിലൂടെ കടന്നു വരുന്ന ഇരുചക്രവാഹനങ്ങൾ വെട്ടുന്നതിനും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. നിയന്ത്രണംവിട്ടുള്ള അപകടത്തിൽ അടുത്തകാലത്ത് മണർകാട് സ്വദേശിക്ക് പരിക്കേറ്റിരുന്നു. റോഡ് വേണ്ട വിധത്തിൽ ശാസ്ത്രീയമായി നവീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നു. വളവ് ചേർന്ന ഭാഗത്തെ റോഡിന്റെ വശങ്ങളിൽ കാടുമൂടിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. വശങ്ങൾക്ക് വീതി കൂടിയതോടെ അനധികൃത ട്രക്ക്, ലോറി എന്നിവ പാർക്ക് ചെയ്യുന്നു. ചെറുകടകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.


കനത്ത മഴ പെയ്യുമ്പോൾ പാടശേഖരങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലമാണ് റോഡ് ഇരുന്നു താഴുന്നത്. അടിയന്തരമായി റോഡിന്റെ അശാസ്ത്രീയത പരിഹരിക്കണം. -നാട്ടുകാരും യാത്രക്കാരും