കോട്ടയം: അവർ പൊടികുഞ്ഞുങ്ങളല്ലേ... അതെങ്കിലും കണക്കിലെടുക്കേണ്ടേ. എത്രകാലം ഈ ദുരിതം സഹിക്കണം! ഏറ്റുമാനൂർ നഗരസഭ രണ്ടാം വാർഡിൽ ഉൾപ്പെട്ട പൊയ്കപ്പുറം അങ്കണവാടിക്ക് സമീപം സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുമ്പോൾ നാട്ടുകാരിൽ അമർഷം അണപൊട്ടുകയാണ്. പരാതി ഉയർന്നിട്ടും നഗരസഭാ അധികൃതർക്ക് ഇപ്പോഴും അനങ്ങാപ്പാറ നയമാണ്. പൊയ്കപ്പുറം കോളനിയിലെ അന്പതോളം വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് അങ്കണവാടിക്ക് സമീപത്തെ പൊതു സെപ്റ്റിക് ടാങ്കിലേക്ക് എത്തുന്നത്. ടാങ്കിന് ചോർച്ച ഉണ്ടായതാണ് പ്രതിസന്ധിയ്ക്ക് കാരണം. കോളനിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ടാങ്ക് നിർമ്മിച്ചത്. എന്നാൽ, മഴക്കാലത്ത് ഇവിടെ ഉറവയുള്ളതിനാൽ ടാങ്ക് നിറഞ്ഞൊഴുകും എന്നതാണ് അവസ്ഥ.
റോഡിലൂടെ പരന്നൊഴുകുന്നു
ടാങ്കിൽ നിന്നുള്ള മലിനജലം അങ്കണവാടിയുടെ മുന്നിലെ റോഡിലൂടെ പരന്നൊഴുകുകയാണ്. ഇത് പിന്നീട് സമീപത്തെ കൈത്തോട്ടിലേക്ക് എത്തിച്ചേരും. പ്രദേശവാസികളായ പത്തോളം കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്. കുട്ടികൾ റോഡിലെ മലിനജലത്തിൽ ചവിട്ടിയാണ് അങ്കണവാടിയിലേക്കെത്തുന്നത്. ഇത് രോഗസാധ്യത വർദ്ധിപ്പിക്കുന്നു. അങ്കണവാടി വർക്കറുടെ പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലം സന്ദർശിച്ചു.
നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗം ശുചീകരിക്കും. വിഷയത്തിൽ ഉടൻ പരിഹാരം കാണും. ( ലൗലി ജോർജ്, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ)