cha

കോട്ടയം: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയിൽ ചേർന്ന് മലയാളം പഠിക്കാൻ അന്യസംസ്ഥാനതൊഴിലാളികൾ എത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇവരെ മൂന്നുമാസം കൊണ്ട് മലയാളം പഠിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് മലയാളപഠനം. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്ടർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഒഴിവുവേളകളും ഞായറാഴ്ചകളുമാണ് ക്ലാസ്. 30 വരെ പഠിതാക്കളാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷയുണ്ടാകും. വിജയികൾക്ക് സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നൽകും.