വൈക്കം - വെച്ചൂർ റോഡ് വീണ്ടും തകർന്നു
വൈക്കം: കുഴികൾ എണ്ണിത്തുടങ്ങിയാൽ തീരില്ല. യാത്രക്കാരുടെ ദുരിതം എത്രത്തോളമെന്നറിയാൻ വൈക്കം-വെച്ചൂർ റോഡിലേക്കൊന്ന് കണ്ണോടിച്ചാൽ മതിയാകും. യാത്രക്കാർ സ്വയം ശപിച്ചാണ് കുഴികൾ നിറഞ്ഞ റോഡിലൂടെ കടന്നുപോകുന്നത്. മുമ്പ് ജി 20 ഉച്ചകോടിയുടെ ഭാഗമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡാണ് വീണ്ടും തകർന്നുതുടങ്ങിയത്. തോട്ടകം മുതൽ ബണ്ട് റോഡ് വരെ പലയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതോടെയാണ് യാത്രക്കാരിൽ നിന്ന് പരാതി ഉയർന്നത്. വലിയ ടോറസുകളടക്കമുള്ള വാഹനങ്ങൾ ഇടതടവില്ലാതെ രാവും പകലും കടന്നുപോകുന്നതിനാൽ അപകടസാദ്ധ്യത ഏറെയാണ്.
നവീകരണം ഇനിയും വൈകരുത്
നിലവിലെ സാഹചര്യത്തിൽ അറ്റകുറ്റപണി വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പൂർണമായി തകരുന്നത് ഒഴിവാക്കണം. റോഡ് കൂടുതലായി തകർന്നാൽ പുനർനിർമ്മിക്കാൻ വലിയ തുക വേണ്ടിവരും. പൂർണമായി തകർന്നാൽ ചിലപ്പോൾ വർഷങ്ങളോളം റോഡ് അതേനിലയിൽ തുടരുന്ന സാഹചര്യമുണ്ടാകും.
അടിയന്തിര ഇടപെടൽ വേണം
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് തലയാഴം കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.പോപ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവേക് പ്ലാത്താനത്ത്, യു.ബേബി, ജൽജി വർഗ്ഗീസ്, ജി.രാജീവ്, പി.എം.സേവ്യർ, ഇ.വി.അജയകുമാർ, ദേവദാസ്, ബിജു, രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ മരണപ്പാച്ചിൽ റോഡ് തകരാൻ കാരണമായതായി നാട്ടുകാർ