ഇത് ഉണ്ണികൃഷ്ണന്റെ വാക്കാണ്...
വൈക്കം: എന്റെ പത്ത് സെന്റ് സ്ഥലം വയനാട്ടിലെ ദുരിതബാധിതർക്ക് വീട് വെയ്ക്കാനായി നൽകും! വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായ ജനതയുടെ പുനരധിവാസത്തിന് നാടാകെ കൈകോർക്കുമ്പോൾ വൈക്കം കണിയാംതോടിന് സമീപം കരിയിൽ കെ.ഡി.ഉണ്ണികൃഷ്ണനും അതിന്റെ ഭാഗമാവുകയാണ്. ഉദയനാപുരം പഞ്ചായത്തിലെ നേരെകടവിൽ തനിക്ക് കുടുബ സ്വത്തായി കിട്ടിയ സ്ഥലത്തിന്റെ ഒരു ഭാഗത്ത് പത്ത് സെന്റ് ഭൂമി രണ്ട് കുടുംബങ്ങൾക്കായി നൽകാനാണ് ഉണ്ണിയുടെ തീരുമാനം. വയനാട്ടിലെ പുനരധിവാസം അപകടമേഖലയിൽ തന്നെയാകരുത് എന്നത് കൂടി ലക്ഷ്യമിട്ടാണ് വൈക്കത്ത് സ്ഥലം നൽകുന്നതെന്ന് ഉണ്ണി പറയുന്നു. അപകട രഹിതമായ മറ്റിടങ്ങളിൽ സ്ഥലം ലഭ്യമാകുന്നിടത്ത് വീട് നിർമ്മിച്ച് നൽകാനുള്ള നടപടിക്കാണ് മുൻഗണന നൽകേണ്ടത്. വഴിയടക്കം നിർമ്മിച്ചാണ് സ്ഥലം കൈമാറാൻ ഉണ്ണി തയാറാകുന്നത്. ടൗണിൽ ബേക്കറി നടത്തുന്ന ഉണ്ണിയുടെ തീരുമാനത്തിന് ഭാര്യ അനിതയുടെയും രണ്ട് മക്കളുടെയും പിന്തുണയുമുണ്ട്. അടുത്ത ദിവസം തന്നെ സ്ഥലം വിട്ടുനൽകാനുള്ള സന്നദ്ധത ഉദയനാപുരം പഞ്ചായത്തിനെ അറിയിക്കും.