കോട്ടയം: ശരിക്കും പെട്ട അവസ്ഥയിലാണ് ജില്ലയിലെ മൂവായിരത്തോളം കർഷകരും കർഷകസംഘങ്ങളും. സബ്‌സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്മാം പദ്ധതിയിൽ യന്ത്രങ്ങൾ വാങ്ങിയവരാണ് ദുരിതത്തിലായത്. യന്ത്രങ്ങൾ വാങ്ങി ബില്ല് സമർപ്പിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും സബ്‌സിഡി കിട്ടിയില്ല. ഇതോടെ വായ്പയെടുത്തും മറ്റും യന്ത്രങ്ങൾ വാങ്ങിയവരാണ് പ്രതിസന്ധിയിലായത്. 20,000 മുതൽ ഒന്നരലക്ഷം രൂപ വരെ കിട്ടാനുള്ള കർഷകരും കർഷകസംഘങ്ങളുമുണ്ട്. ജില്ലയിൽ 2.90 കോടി രൂപ മൂവായിരത്തോളം കർഷകർക്കായി നൽകണം. സബ്‌സിഡി ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്യണം. സബ്‌സിഡി അനുവദിച്ചിരിക്കുന്ന കമ്പനികളിൽ നിന്നാണ് യന്ത്രസാമഗ്രികൾ വാങ്ങുന്നത്. 50 മുതൽ 80 ശതമാനം വരെയാണ് സബ്‌സിഡി ലഭിക്കുന്നത്. സബ്‌സിഡിയിൽ 60 ശതമാനം തുക കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്.
മുൻവർഷം സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ളത്: 30 കോടി
സ്മാം പദ്ധതി:
കാർഷികമേഖലയുടെ ആധുനികവത്കരണത്തിനുള്ള പദ്ധതിയാണ് കാർഷികയന്ത്രവത്കരണ ഉപപദ്ധതി അഥവാ സ്മാം. പരമാവധി 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് 80 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്‌സിഡി കിട്ടും. സാധാരണ രീതിയിൽ, യന്ത്രം വാങ്ങിയശേഷം വിവരങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്താൽ ഒന്നരമാസത്തിനകം സബ്‌സിഡി തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുമായിരുന്നു. സബ്‌സിഡി വൈകുന്നതിന്റെ കാരണം കൃഷിവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞവർഷം ലഭിച്ച കേന്ദ്രവിഹിതം സംസ്ഥാനം വകമാറ്റിയെന്നും ആരോപണം
മുഴുവൻ തുക നൽകി പുതിയ യന്ത്രങ്ങൾ വാങ്ങിയ കർഷകർക്ക് എത്രയും വേഗം സബ്‌സിഡി ലഭ്യമാക്കാൻ കൃഷി വകുപ്പ് ഇടപെടണം. (എബി ഐപ്പ് കർഷക കോൺഗ്രസ്, കോട്ടയം ജില്ലാ സെക്രട്ടറി)