area

ചങ്ങനാശേരി : ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള എം.സി റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗത്തിന്റെ നവീകരണം ആരംഭിക്കുന്നു. 36 കിലോമീറ്റർ ദൂരം 30 കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്. കാലാവസ്‌ഥ അനുകൂലമാകുന്നതിന് അനുസരിച്ച് നിർമ്മാണ ജോലികൾ ആരംഭിക്കും. ഇതിനായുള്ള സർവേ നടപടികൾ മുൻപ് പൂർത്തിയാക്കിയിരുന്നു.

റോഡിന് വശങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാനും തടസങ്ങൾ നീക്കാനുമുള്ള ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തുരുത്തി, ചങ്ങനാശേരി ഭാഗങ്ങളിൽ അപകട മുന്നറിയിപ്പിനുള്ള ബ്ലിങ്കർ ലൈറ്റുകളും ആദ്യഘട്ടമായി സ്‌ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ അങ്കമാലി വരെ നീളുന്ന എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡ ജംഗ്ഷൻ വരെയുള്ള ഭാഗം ദേശീയപാത അതോറിറ്റി കൊല്ലം സബ് ഡിവിഷന്റെ കീഴിലാണ് ഉൾപ്പെടുന്നത്. കൊല്ലം ഡിണ്ടിഗൽ ദേശീയപാത 183ന്റെ ഭാഗമാണ് എംസി റോഡിന്റെ ഈ ഭാഗം.

വീതി കൂട്ടില്ല

റോഡിന് വീതി കൂട്ടുന്ന നടപടികൾ നവീകരണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്‌ഥർ പറഞ്ഞു. റോഡ് ബി.സി നിലവാരത്തിൽ പൂർണമായും ടാറിംഗ് നടത്തും.

മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ സംവിധാനം, സീബ്രാലൈനുകൾ, അപകട മേഖല അറിയിക്കുന്ന ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്‌ഥാപിക്കും. മേൽപ്പാലങ്ങളുടെ താഴ്ന്ന‌ സമീപനപാതകൾ ഉയർത്തും.

യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിത്തെളിക്കും. മാർഗ തടസങ്ങൾ നീക്കം ചെയ്യും.

എം.സി റോഡ് കടന്നു പോകുന്ന ചങ്ങനാശേരി നഗരമദ്ധ്യത്തിലെ നടപ്പാതകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നടത്തും.