പാലാ: സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ പാലായിൽ നിന്ന് ഏഴാച്ചേരി വഴി രാമപുരത്തിനുള്ള ഓർഡിനറി സർവീസ് വേണ്ടെന്ന് വച്ച നടപടി പുനഃപരിശോധിക്കുമെന്ന് കെ.എസ്.ആർ.ടി.സി എറണാകുളം സോണൽ ഓഫീസർ കെ.പി.രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു.

പാലാ, ഏഴാച്ചേരി, രാമപുരം റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ കൂട്ടത്തോടെ വേണ്ടെന്ന് വച്ചത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ അധികാരികൾക്ക് രാമപുരം റൂട്ടിനോട് അയിത്തമെന്ന ആരോപണവും ശക്തമായി. സർവീസുകൾ നിറുത്തലാക്കിയതോടെ യാത്രാക്ലേശത്തിൽ വലയുകയാണ് ചക്കാമ്പുഴ, കൊണ്ടാട് നിവാസികൾ. കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഗതാഗത പരിഷ്‌കരണമാണ് ഈ മേഖലയിലെ യാത്രക്കാർക്കും ഇരുട്ടടിയായത്.

മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന ചക്കാമ്പുഴ, കൊണ്ടാട്, രാമപുരം സർക്കുലറിന്റെ ട്രിപ്പുകൾ വെട്ടികുറച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ വലച്ചു. ഈ പ്രദേശങ്ങളിലുള്ളവർ കിലോമീറ്ററുകൾ സഞ്ചരിച്ച് ചക്കാമ്പുഴ കവലിയിലോ രാമപുരത്തോ എത്തിയാൽ മാത്രമെ ബസ്സ് യാത്ര സാധ്യമാകു. 8500 രൂപയിലധികം കളഷൻ ലഭിച്ചു കൊണ്ടിരുന്ന ബസുകളുടെ സർവീസാണ് ഭാഗികമായി നിർത്തലാക്കിയത്.

ജീവനക്കാർക്ക് പരസ്യശാസന

ഏഴാച്ചേരി, രാമപുരം ഭാഗത്തെ കെ.എസ്.ആർ.ടി.സി യാത്രക്കാർ ചേർന്ന് രൂപീകരിച്ച കെ.എസ്.ആർ.ടി.സി വാട്‌സാപ്പ് ഗ്രൂപ്പിൽ ബസുകളുടെ സമയം പുനഃക്രമീകരിച്ചതും ഷെഡ്യൂൾ റദ്ദാക്കിയതും സംബന്ധിച്ച് മുൻകൂട്ടി യാത്രക്കാരെ അറിയിച്ച ജീവനക്കാർക്ക് പാലാ എ.ടി.ഒ അശോക് കുമാറിന്റെ പരസ്യ ശാസന. ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ കുറിപ്പിടുന്നത് കൃത്യവിലോപമാണെന്നും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ തനിക്കധികാരമുണ്ടെന്നും പാലാ എ.ടി.ഒ അശോക് കുമാർ പറഞ്ഞു.