കോട്ടയം: അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും കഞ്ചാവും എം.ഡി.എം.എയും കണ്ടെടുത്ത സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. നട്ടാശേരി പാറമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്നതും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയുമായ സൂര്യൻ എന്ന് വിളിക്കുന്ന യുവാവിനായാണ് അന്വേഷണം ശക്തമാക്കിയത്.
എം.ഡി.എം.എ വില്പന നടക്കുന്നതായി ഗാന്ധിനഗർ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പാറമ്പുഴയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ കാൽ കിലോ കഞ്ചാവും അഞ്ച് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഈ സമയം ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ വളർത്തുനായയെ അഴിച്ചുവിട്ട നിലയിലായിരുന്നു. പൊലീസ് സംഘമെത്തിയതോടെ പിറ്റ് ബുൾ ഇനത്തിലുള്ള നായ കുരച്ച് ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് സംഘം നായയെ വീടിന്റെ മുറിയിൽ കയറ്റി വാതിലടച്ചശേഷം പരിശോധന നടത്തുകയായിരുന്നു.