കോട്ടയം: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിനും ധർണയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാതലത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളുടെ മുൻപിൽ നടത്തിയ ധർണ സമരം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസ് പടിയ്ക്കൽ നടന്നു. ജില്ലാ സെക്രട്ടറി ബാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മിനിമം പെൻഷൻ 9000 രൂപയും ഡി.എയും അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യോഗത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. പി.ഡി ജോഷ്വാ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.ആർ ചന്ദ്രിക, ട്രഷറർ ടോം തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി മോഹനദാസൻ, ജേക്കബ് സെബാസ്റ്റിയൻ എന്നിവർ പങ്കെടുത്തു.