wstee

കോട്ടയം: ഖനനം നിലച്ച പാറമട ഒരു നാടിന് സമ്മാനിക്കുന്നത് ദുരിതം. നിലച്ചുപോയ പാറമട മാലിന്യം തള്ളാനൊരിടമായി മാറിയിരിക്കുകയാണ്. ഏറ്റുമാനൂർ നഗരസഭ രണ്ടാം വാർഡ് പൊയ്കപ്പുറം ഭാഗത്ത് ഖനനം നിലച്ച പാറമടയിലാണ് മാലിന്യങ്ങൾ തള്ളുന്നത്.

ഇവിടെ ഖനനം നിലച്ചിട്ട് നാളുകളായി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ, കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കിയതിന്റെ അവശിഷ്ടങ്ങൾ തുടങ്ങി ലോഡ് കണക്കിന് ജൈവ, അജൈവ മാലിന്യങ്ങളാണ് വാഹനങ്ങളിൽ എത്തിച്ച് ഇവിടെ തള്ളുന്നത്. റോഡിനോട് ചേർന്ന് താഴ്ഭാഗത്തായാണ് പാറമട സ്ഥിതി ചെയ്യുന്നത്. പാറമടയുടെ ചുറ്റുമുള്ള ഭാഗം കാടുവളർന്ന് പന്തലിച്ച നിലയിലാണ്. അതിനാൽ വാഹനങ്ങളിൽ മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടില്ല. പാറമടയിലെ വെള്ളക്കെട്ടിലേക്ക് തള്ളുന്ന മാലിന്യങ്ങൾ അഴുകി പരിസരമാകെ ദുർഗന്ധം വമിക്കുന്നു. ഇത് ആരോഗ്യ ഭീഷണിയും ഉയർത്തുന്നു. പാറമടയ്ക്ക് സമീപത്തായി അംഗൻവാടിയും നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലത്ത് പാറമടയിൽ നിന്നുള്ള വെള്ളം ഒഴുകി സമീപത്തെ തോട്ടിലേക്ക് എത്തിച്ചേരും. മറ്റൊരു പാറമടയും ഇതിന് മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ള വെള്ളവും ഈ പാറമടയിലേക്കാണ് എത്തിച്ചേരുന്നത്.

സംരക്ഷണ ഭിത്തി ഇല്ല
റോഡിനും പാറമടയ്ക്കും ഇടയിൽ സംരക്ഷണഭിത്തിയില്ലാത്തത് അപകടഭീഷണിയും ഉയർത്തുന്നു. മുൻപ് മുള്ളുവേലി സ്ഥാപിച്ചിരുന്നെങ്കിലും മാലിന്യം തള്ളാൻ എത്തുന്നവർ ഇത് പൊളിച്ചു നീക്കിയ നിലയിലാണ്. റോഡിന് വീതിയില്ലാത്തതും പരിചയമില്ലാതെ എത്തുന്നവരും അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു.

അപകട ഭീഷണി ഒഴിവാക്കണം. വൻതോതിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കണം. മാലിന്യ നിക്ഷേപം തടയണം. ഇതിനായി വേണ്ട നടപടി അധികൃതർ സ്വീകരിക്കണം.

-പ്രദേശവാസികൾ