ചങ്ങനാശേരി: കൂത്രപ്പള്ളിയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് ശ്വാസനാളി രണ്ടായി മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ 45 വയസുകാരനെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി. കഴുത്തിലുണ്ടായ ആഴമേറിയ മുറിവോടെയാണ് രോഗിയെ ആശുപത്രിയിലെത്തിക്കുന്നത്. ആറു മാസം മുമ്പ് ഹൃദയാഘാതം മൂലം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ രോഗിയെ വീണ്ടുമൊരു മേജർ ശസ്ത്രക്രിയക്ക് വിധേയമാക്കുക സങ്കീർണമായിരുന്നു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗിയുടെ ശ്വാസനാളികൾ കൂട്ടിയോജിപ്പിക്കുകയും സിരകളിൽ നിന്നും ധമനികളിൽ നിന്നുമുള്ള രക്തസ്രാവം നിയന്ത്രിക്കുകയും ചെയ്തു.
ട്രക്കിയോസ്റ്റമി ചെയ്ത് രോഗിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ സൂക്ഷ്മപരിചരണത്തിനായി ഐ.സി.യുവിലേക്ക് മാറ്റി. ഒരു മാസക്കാലം നീണ്ട ചികിത്സയുടെ അവസാനം വീഡിയോ ലാരീഞ്ചോസ്‌കോപ്പിയിലൂടെ ശസ്ത്രക്രിയ വിജയമെന്ന് ഉറപ്പിച്ചു. രോഗി ഇപ്പോൾ പൂർണആരോഗ്യവാനാണ്. ചീഫ് സർജൻ ഡോ. ജോർജ്ജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇ.എൻ.റ്റി സർജൻ ഡോ. ജെയ്സ് ജേക്കബ്, അനസ്‌തെറ്റിസ്റ്റ് ഡോ. അനു അംബൂക്കൻ, സ്റ്റാഫ് നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുടെ സഹായത്തോടെയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത് പറഞ്ഞു.