wqqq

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ ജീവനക്കാരൻ തട്ടിയെടുത്ത കേസിൽ ദുരൂഹതയേറെ. കോടികളുടെ തട്ടിപ്പ് നാല് വർഷമായിട്ടും കണ്ടെത്താൻ കഴിയാതെപോയതിന് പിന്നിൽ കൂടുതൽ പേരുടെ സഹായമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. നഗരസഭയിൽ 44 മാസത്തെ ജോലിക്കിടെയാണ് കൊല്ലം മങ്ങാട് ആൻസിഭവനിൽ അഖിൽ സി.വറുഗീസ് വൻതുക തട്ടിയെടുത്തത്. സംഭവം പുറത്തായതോടെ ഇയാൾ ഒളിവിലാണ്. 2020 മാർച്ചിലാണ് അഖിൽ ഈരാറ്റുപേട്ടയിൽ നിന്ന് കോട്ടയം നഗരസഭയിലെത്തുന്നത്. ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച അഖിൽ കൊല്ലം കോർപ്പറേഷനിൽ നിന്ന് 40 ലക്ഷം തട്ടിയ കേസിൽ സസ്പെൻഷനിലായിരുന്നു.

പണംപോയ വഴിയിങ്ങനെ

പെൻഷൻ ലഭിച്ചിരുന്ന പി.ശ്യാമള മരിച്ചതോടെ മരണവിവരം രേഖപ്പെടുത്താതെ അതേ പേരുകാരിയായ തന്റെ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് പണം തിരിച്ചുവിട്ടു. തുടക്കത്തിൽ കാൽ ലക്ഷത്തോളം വരുന്ന പെൻഷൻ തുക മാത്രമാണ് മാറ്റിയിരുന്നതെങ്കിൽ പിന്നീട് പെൻഷൻ ഹെഡിൽ നിന്ന് വൻതുക മാറ്റി. 250 ഓളം ആളുകളുടെ പേരടങ്ങിയ പെൻഷൻ ഫയലാണ് സെക്ഷനിൽ നിന്ന് എത്തുന്നത്. സെക്രട്ടറി ഒപ്പിടുന്ന ഫയലിലെ എക്സൽ ഷീറ്റ് എഡിറ്റ് ചെയ്ത് അമ്മയുടെ അക്കൗണ്ട് നമ്പർ ചേർത്തായിരുന്നു തട്ടിപ്പ്. ഓണം അലവൻസായ 1000 രൂപ വരെ അടിച്ചുമാറ്റി. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. കഴിഞ്ഞ നവംബർ വരെ കോട്ടയത്തുണ്ടായിരുന്ന അഖിൽ പിന്നീട് വൈക്കത്തേയ്ക്ക് സ്ഥലംമാറി. എന്നാൽ സെക്ഷനിലെ ജൂനിയറായ ഉദ്യോസ്ഥ അവധിയിലായതിനെ തുടർന്ന് സഹായിക്കാനെന്ന പേരിൽ കഴിഞ്ഞ ആഴ്ചയെത്തി ഏഴ് ലക്ഷം രൂപ കൂടി തട്ടിയെടുത്തു.

നഗരസഭയുടെ 4 ഗുരുതര വീഴ്ചകൾ

1) മുൻപും തട്ടിപ്പ് നടത്തിയിട്ടുള്ള അഖിലിനെ വീണ്ടും സാമ്പത്തികകാര്യം ഏൽപ്പിച്ചു

2)​ സർവീസ് ബുക്കിൽ ബ്ളാക്ക് മാർക്കുണ്ടായിട്ടും ഇക്കാര്യം അവഗണിച്ചു

3) വൻ തുകയുടെ കുറവ് വന്നിട്ടും ഓഡിറ്റിൽ എന്തുകൊണ്ട് കണ്ടെത്തിയില്ല

4) അത്യാഡംബര ജീവിതം നയിച്ചിരുന്ന അഖിലിന്റെ പണത്തിന്റെ ഉറവിടം തിരക്കിയില്ല

പിന്നിൽ കൂടുതൽ പേർ?​

അഖിലിന് കൗൺസിലർമാരുടെ ഉൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വെസ്റ്റ് പൊലീസ് സെക്ഷനിലെ ഫയലുകൾ പരിശോധിച്ചു. പി.ശ്യാമളയെന്ന പേരിലുള്ള അക്കൗണ്ട് ഇടപാടുകളും അഖിലിന്റെ അക്കൗണ്ട് ഇടപാടുകളും അന്വേഷണപരിധിയിലുണ്ട്. തദ്ദേശവകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ പേരുണ്ടെന്ന സംശയമുണ്ട്. അഖിലിനെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതല ഏൽപ്പിച്ചതടക്കം അന്വേഷിക്കണം. ബി.ഗോപകുമാർ,​ നഗരസഭാ വൈസ് ചെയർമാൻ