niraputhari

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആണ്ടുപിറപ്പിന് മുന്നോടിയായി കർക്കടക മാസത്തിൽ നടക്കുന്ന നിറപുത്തരിക്ക് ഒരുക്കങ്ങൾ തുടങ്ങി. 12 ന് രാവിലെ 5.45 നും 6.30 നും ഇടയിലാണ് ക്ഷേത്രത്തിലെ നിറയും പുത്തരിയും. നിറയും പുത്തരിയും പ്രമാണിച്ച് 12 ന് രാവിലെ 3 ന് നട തുറന്ന് ഉച്ചപൂജക്കും പ്രാതലിനും ശേഷം 8 ന് അടയ്ക്കും. വൈകിട്ട് പതിവ് രീതിയിൽ 5 ന് നടതുറക്കും.
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി ആഘോഷിക്കുക.
നിറപുത്തരിക്ക് ആവശ്യമായ കതിർ കറ്റകൾ തമിഴ് നാട്ടിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇല്ലി , നെല്ലി, ആലില, പ്ലാവില , മാവില തുടങ്ങിയ ഇലകൾക്കൊപ്പം നെൽക്കതിർ ചേർത്ത് ഒരുക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. 15000 കതിർ കറ്റകളാണ് തയ്യറാക്കുന്നത്. ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ആർ. ശ്രീലത, അസി. കമ്മിഷണർ എം.ജി. മധു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ടി.വി പുരം ശ്രിരാമ ക്ഷേത്രത്തിലെ ഭക്തരാണ് നിറയും പുത്തരിയും ഒരുക്കുന്നത്.
12 ന് രാവിലെ 5 ന് ശേഷം ഒരുക്കിയ കതിർ കറ്റകൾ വ്യാഘപാദ തറയിലെത്തിക്കും. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം കതിർകറ്റകൾ വെള്ളി ഉരുളിയിലാക്കി മേൽശാന്തി ശിരസിലേറ്റി ഇല്ലം നിറ,വല്ലം നിറ മന്ത്രങ്ങൾ ഉരുവിട്ട് ഇടതു കൈയിലുള്ള മണികിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് മണ്ഡപത്തിൽ പ്രവേശിക്കും. തുടർന്ന് കതിർകറ്റകൾ വൈക്കത്തപ്പനും ഉപദേവതമാർക്കും സമർപ്പിക്കും. കതിർ കറ്റകൾ പ്രസാദമായി ഭക്തർക്കും നല്കും. പുന്നെല്ല് കൊണ്ടുള്ള നിവേദ്യവും ഉണ്ടാകും.
വൈക്കം ക്ഷേത്രത്തിലെ നിറയും പുത്തരിക്കുവായി തെക്കേനട ഓമന അഗ്രി പാർക്ക് 300 കതിർക്കറ്റകൾ വഴിപാടായി സമർപ്പിക്കും. സ്വന്തമായി വിളയിച്ചടുത്ത കതിരുകൾ 11 ന് രാവിലെ 8 ന് കൊടിമര ചുവട്ടിലാണ് സമർപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി അഗ്രി പാർക്ക് കതിർ ക്കറ്റകൾ സമർപ്പിച്ചു വരുന്നു.