andoor

ആണ്ടൂർ: ശ്രീമഹദേവക്ഷേത്രത്തിന് മുന്നിലെ പഞ്ചായത്ത് റോഡ് ഇന്റർലോക്ക് കട്ടകൾ വിരിച്ച് മനോഹരമാക്കാനുള്ള നടപടികൾ ആരംഭിച്ചു. മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ അതിരിടുന്ന കോഴിക്കൊമ്പ് പടിഞ്ഞാറ്റിൻകര റോഡിന്റെ ആണ്ടൂർ ക്ഷേത്രത്തിന് മുൻവശത്ത് കുണ്ടുംകുഴിയുമായി കിടക്കുന്ന അവസ്ഥ കഴിഞ്ഞ ജൂലായ് 27 ന് ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് മഴ ആയതിനാലാണ് റോഡ് നന്നാക്കാത്തതെന്നും കാലാവസ്ഥ അനുകൂലമായാലുടൻ മഹദേവക്ഷേത്രത്തിന് മുന്നിലെ റോഡ് ഇന്റർലോക്ക് കട്ടകളിട്ട് നന്നാക്കുമെന്നും പഞ്ചായത്ത് മെമ്പർമാരായ ഉഷാ രാജുവും നിർമ്മല ദിവാകരനും അറിയിച്ചിരുന്നു. രണ്ട് ദിവസം മഴ മാറിനിന്നതിനെ തുടർന്ന് ഇന്നലെ റോഡുപണി ആരംഭിച്ചു. ജെ.സി.ബി.കൊണ്ട് ഈ ഭാഗം നിരപ്പാക്കുന്ന ജോലികളാണ് ഇന്നലെ നടത്തിയത്. തുടർന്ന് സമീപത്ത് ഓടയും ഇന്റർലോക്ക് കട്ടകൾ വിരിക്കലും നടത്തും.

റോഡിനാകെ അഞ്ച് ലക്ഷം രൂപയോളം അനുവദിച്ചിരുന്നു. ക്ഷേത്രത്തിന് മുൻവശം ഒഴികെയുള്ള ഭാഗം ടാറിംഗ് നടത്തുകയും ചെയ്തിരുന്നു.

അധികാരികളുടെ അനാസ്ഥ മൂലം കുഴിയായി കിടന്ന റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ച പഞ്ചായത്ത് അധികാരികളെ ഇക്കാര്യത്തിൽ പരാതിയുമായി മുമ്പോട്ട് വന്ന ആണ്ടൂർ ഏറത്തുരുത്തി ഇല്ലം ശ്രീജ ഗോപകുമാർ അഭിനന്ദിച്ചു. റോഡിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ഇവിടെ വലിയ ഓട കൂടി നിർമ്മിക്കേണ്ടതുണ്ടെന്നും ശ്രീജ ചൂണ്ടിക്കാട്ടി.

വാർത്ത വന്നതുകൊണ്ടല്ല റോഡ് നന്നാക്കിയത്

വാർത്ത വന്നതുകൊണ്ടല്ല റോഡ് നന്നാക്കിയതെന്നും കാലാവസ്ഥ അനുകൂലമായതിനാലാണ് ഇപ്പോൾ കട്ടകൾ വിരിക്കാൻ ആരംഭിച്ചതെന്നും മരങ്ങാട്ടുപള്ളി പഞ്ചായത്ത് മെമ്പർ നിർമ്മല ദിവാകരൻ പറഞ്ഞു.

റോഡിന്റെ ബാക്കി ഭാഗം കഴിഞ്ഞ മാർച്ചിൽ തന്നെ നന്നാക്കിയിരുന്നതാണ്. അന്ന് വേനൽക്കാലമായിരുന്നിട്ടും അമ്പലത്തിന് മുന്നിലെ കുഴി അതേപടി കിടന്നു. മഴക്കാലമായിട്ടും ഇവിടം നന്നാക്കാത്ത പഞ്ചായത്ത് അധികാരികളുടെ അനാസ്ഥക്കെതിരെയാണ് കേരള കൗമുദി വാർത്ത എഴുതിയത്. ഇതേ തുടർന്നാണ് ഇന്നലെ പണികൾ ആരംഭിച്ചതും.