pala

പാലാ: യാത്രക്കാർ ഇനിയും പരാതി പറയരുത്! സ്വന്തം പണം മുടക്കി പാലാ ടൗൺ ബസ് സ്റ്റാന്റിലെ കുഴികളടയ്ക്കാനിറങ്ങിയ ഷാജു വി. തുരുത്തനെ കണ്ട് യാത്രക്കാർ ഒരേസ്വരത്തിൽ പറഞ്ഞു... നഗരസഭ ചെയർമാൻ പൊളിയാണ്. മഴയെ തുടർന്ന് ടാറിംഗ് നടത്താൻ കഴിയാതെ വന്നതോടെയാണ് കുഴികളടയ്ക്കാൻ ചെയർമാൻ തന്നെ മുന്നിട്ടിറങ്ങിയത്. പാറമക്ക് വിരിച്ചാണ് കുഴികൾ നികത്തിയത്.

ഇന്നലെ രാവിലെ 11.30ന് പാറമക്കുമായി ചെയർമാൻ നേരിട്ട് സ്ഥലത്തെത്തി. മക്കിറക്കി കുഴി മൂടാനും ചെയർമാൻ നേതൃത്വം നൽകി. പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോ, പ്രതിപക്ഷ കൗൺസിലർ ആനി ബിജോയി, പൊതുപ്രവർത്തകരായ ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ എന്നിവരും ചെയർമാന് പിന്തുണയറിയിച്ച് സ്ഥലത്തെത്തി. ഏഴായിരം രൂപയോളം മുടക്കിയാണ് ചെയർമാൻ സ്റ്റാന്റിലെ കുഴികൾ നികത്തിയത്.

ഗ്രില്ല് മാറ്റാനും പണം മുടക്കി

നഗരത്തിൽ നിന്നും റിവർവ്യൂ റോഡിലേക്ക് പ്രവേശിക്കുന്ന റോഡിലെ ദ്രവിച്ച ഗ്രില്ല് ഒരുമാസം മുമ്പ് സ്വന്തം നിലയിൽ ചെയർമാൻ മാറ്റിസ്ഥാപിച്ചിരുന്നു. തുരുമ്പിച്ച ഗ്രില്ലിൽ കാൽ കുരുങ്ങി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു ചെയർമാന്റെ ഇടപെടൽ.