പാലാ: പ്രതിഷേധം ശക്തമായതിനെത്തുടർന്ന് റദ്ദാക്കിയ സർവീസ് മിക്കതും പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോ അധികൃതർ തയാറായി. പാലായിൽ നിന്ന് ഏഴാച്ചേരി രാമപുരം വഴിയുള്ള സർവീസ് സിംഗിൾ ഡ്യൂട്ടിയുടെ ഭാഗമായി റദ്ദാക്കിയത് കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി. എറണാകുളം സോണൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയും ഇന്നലെത്തന്നെ നിർത്തിയ ബസ് സർവീസുകൾ പുനരാരംഭിക്കാൻ ഡിപ്പോ അധികൃതർക്ക് കർശന നിർദേശം നൽകുകയും ചെയ്തു.
എന്നാൽ രാവിലെ 7.10 ന് ഏഴാച്ചേരി വഴിയുള്ള സർവീസ് വഴിമാറ്റി വിട്ടുകൊണ്ട് ഡിപ്പോ അധികൃതർ പ്രതികാര നടപടി തുടരുന്നുമുണ്ട്. ഒരാഴ്ച മുമ്പുവരെ രാവിലെ 7.10 ന് ഏഴാച്ചേരി വഴി രാമപുരത്തേക്ക് നടത്തിയിരുന്ന സർവീസ് 8.10 ന് രാമപുരത്തുനിന്ന് ഏഴാച്ചേരി വഴി പാലായ്ക്ക് മടങ്ങിപ്പോവുന്നതായിരുന്നു. എന്നാൽ ഇന്ന് മുതൽ രാവിലെ 7.10 ന് ഏഴാച്ചേരിക്ക് പകരം ചക്കാമ്പുഴ കൊണ്ടാട് വഴി ഈ ബസ് രാമപുരത്തെത്തും. തിരിച്ച് ഏഴാച്ചേരി വഴി പാലായ്ക്കും പോകും. ചുരുക്കത്തിൽ രാവിലെ 7.10 ന് ഏഴാച്ചേരി വഴിയുള്ള സർവീസ് നടത്താൻ അധികാരികൾ ഇനിയും തയ്യാറാകുന്നില്ല.
അതേ സമയം വൈകിട്ട് 4.10 ന് ഏഴാച്ചേരി വഴിയുള്ള സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. സിംഗിൾ ഷെഡ്യൂളിന്റെ പേരിൽ ഏഴാച്ചേരി വഴി നാല് ട്രിപ്പുണ്ടായിരുന്നത് ഒറ്റ ട്രിപ്പായി വെട്ടിച്ചുരുക്കുകയായിരുന്നു. സോണൽ ഓഫീസർ പ്രശ്‌നത്തിൽ ഇടപട്ടതോടെ ജാള്യത്തിലായ ഡിപ്പോ അധികൃതർ രാവിലെ 7.10 ന് ഏഴാച്ചേരി വഴിയുള്ള സർവീസ് മുടക്കിക്കൊണ്ട് തങ്ങളുടെ പക്ഷം ജയിച്ചതായി പറഞ്ഞുകൊണ്ട് മുഖം രക്ഷിക്കുകയാണിപ്പോൾ.
പാലാ ഡിപ്പോ അധികൃതരുടെ നടപടികൾ ജന വിരുദ്ധം: പാസഞ്ചേഴ്‌സ് അസോസിയേഷൻ
പൊതു യാത്രാ സൗകര്യം പരിമിതമായ റൂട്ടുകളിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ഗ്രാമീണ സർവീസുകൾ ഒന്നൊന്നായി ഏകപക്ഷീയമായി പിൻവലിച്ചുകൊണ്ടുള്ള ഡിപ്പോ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്. സർവീസുകൾ പുനരാരംഭിക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി ആവശ്യപ്പെട്ടു. യാത്രക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഷെഡ്യൂൾ കമ്മിറ്റി യോഗം നടത്തുവാൻ അധികൃതർ തയ്യാറാവുന്നില്ല. യോഗത്തിൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.