വൈക്കം: അനധികൃതമായി ലോറിയിൽ കടത്താൻ ശ്രമിച്ച കക്ക ഫിഷറീസ് അധികൃതർ പിടികൂടി. ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപത്തെ കടവിൽ നിന്ന് കക്ക ലോറിയിൽ കയറ്റി നിറക്കുമ്പോഴാണ് ഫിഷറീസ് കോട്ടയം അസിസ്റ്റന്റ് ഡയറക്ടർ ജാസ്മി കെ. ജോസിന്റെ നേതൃത്വത്തിൽ 28 ടൺ കക്ക പിടികൂടിയത്. അനധികൃതമായി സ്വകാര്യ സംരംഭകൾ തൊഴിലാളികളെ ഉപയോഗിച്ചു കക്ക വാരി കടത്തുന്നതിനാൽ കക്ക സഹകരണ സംഘങ്ങൾക്ക് കക്ക ലഭിക്കാത്ത സാഹചര്യമുണ്ട്. കക്കസഹകരണ സംഘങ്ങളുടെ പരാതി വർദ്ധിച്ചതോടെ അനധികൃത കക്ക വാരലിനെതിരെ ഫിഷറീസ് അധികൃതർ നടപടി സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. കക്കയുടെ ഉടമയിൽ നിന്ന് 10000 രൂപപിഴ ഈടാക്കി. പിടിച്ചെടുത്ത കക്ക ലേലം ചെയ്ത് കക്ക സഹകരണ സംഘത്തിന് കൈമാറി. റെയ്ഡിൽ വൈക്കം ഫിഷറീസ് ഇൻസ്‌പെക്ടർ അഞ്ജലിദേവി, ഫിഷറീസ് ഓഫീസർ സി.കെ. സ്മിത, ഫിഷറീസ് ഉദ്യോഗസ്ഥരായ പി.ഒ. ജിഷ്ണു , ശിരീഷ് തുടങ്ങിയവർ പങ്കെടുത്തു.