pp

കോട്ടയം: ശമ്പളം കിട്ടിയിട്ട് മാസം അഞ്ചായി.... എത്രകാലം ഇങ്ങനെ മുന്നോട്ടുപോകും!. ഇത് പറഞ്ഞുനിറുത്തുമ്പോൾ ഫിഷറിസ് വകുപ്പിലെ താത്ക്കാലിക ജീവനക്കാരിൽ പലരും ഉപജീവനത്തിനായി മറ്റ് തൊഴിൽ തേടേണ്ട അവസ്ഥയിലാണ്. ശമ്പളം മുടങ്ങിയതോടെ കോ-ഓർഡിനേറ്റർമാർ, പ്രമോട്ടർമാർ എന്നിവർക്ക് വണ്ടികൂലിക്ക് പോലും വകയില്ല. പിന്നെങ്ങനെ ഫീൽഡിൽ പോയി ജോലി ചെയ്യുമെന്നും ജീവനക്കാർ ചോദിക്കുന്നു.

ഭരണാനുമതി വൈകുന്നത് തിരിച്ചടി

ജനകീയ മത്സ്യകൃഷി പദ്ധതിക്കുള്ള ഫണ്ടിന് ധനവകുപ്പിൽ നിന്ന് ഭരണാനുമതി വൈകുന്നതാണ് പദ്ധതിപ്രകാരം നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണം. പ്രമോട്ടർമാർക്ക് നേരത്തേ 25 പ്രവൃത്തിദിനം അനുവദിച്ചിരുന്നു. ഇത് പിന്നീട് 21 ദിവസമാക്കി ചുരുക്കിയിരുന്നു. ശമ്പളമില്ലാതെ ജോലിയിൽ തുടരുന്നവർ ജോലി ഉപേക്ഷിച്ചവരുടെ അധികജോലികൂടി ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ സാമൂഹിക സാമ്പത്തിക സർവേ പ്രമോട്ടർമാർ നിറുത്തിവെച്ചിരിക്കുകയാണ്. ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്‌സ് യൂണിയന്റെ (സി .ഐ.ടി.യു) നേതൃത്വത്തിലാണ് സർവേയിൽ നിന്ന് പിന്മാറിയത്. ജില്ലയിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിക്കുന്ന വിവരശേഖരണം 75 ശതമാനം പൂർത്തിയായിട്ടുണ്ട്.

പ്രമോട്ടർമാർ: 34

34 പ്രമോട്ടർമാരും നാല് കോഓർഡിനേറ്റർമാരുമാണുള്ളത്. പ്രോജക്ട് കോഓർഡിനേറ്റർമാർക്ക് മാർച്ച് മുതലുള്ള ശമ്പളം കിട്ടിയിട്ടില്ല. ദിവസവേതനക്കാരായ അക്വാകൾച്ചർ പ്രമോട്ടർമാർക്ക് ഏപ്രിൽ മുതലുള്ള ശമ്പളമാണ് കൊടുക്കാനുള്ളത്.

പ്രോജക്ട് കോഓർഡിനേറ്റർമാർക്ക് ശമ്പളം: 30,000 രൂപ

പ്രമോട്ടർമാർക്ക് ദിവസ വേതനം: 675 രൂപ

സർവേ മുടങ്ങി

കുമരകം, തിരുവാർപ്പ്, നാട്ടകം, വൈക്കം തുടങ്ങിയിടങ്ങളിലാണ് സർവേ നടക്കുന്നത്. പ്രമോട്ടർമാർ പിന്മാറിയതോടെ സർവേയും മുടങ്ങി.


ജനകീയ മത്സ്യകൃഷി പദ്ധതിക്കുള്ള ഫണ്ടിന് ധനവകുപ്പിൽ നിന്ന് ശമ്പളം നൽകുന്നതിനായി ഇതുവരെ അലോട്ട് ചെയ്തിട്ടില്ല.

(ഫിഷറീസ് ഓഫീസ് അധികൃതർ).