nisa

പാലാ: നിസാ ജോഷി എ.എസ്.ഐയാണ്. ജീവിതത്തിലെന്നപോലെ സിനിമയിലും. ഇതുവരെ ആറുസിനിമകൾ. അതിൽ നാലിലും പൊലീസ് വേഷത്തിൽ. അപൂർവ നേട്ടിലാണ് കാക്കിക്കുള്ളിലെ ഈ കലാകാരി. സിനിമയിൽ മാത്രമല്ല ഔദ്യോഗിക ജീവിതത്തിലും നന്മനിറഞ്ഞ ഒട്ടേറെ നേട്ടങ്ങൾ നിസയുടെ കരിയറിലുണ്ട്. ഇതനോടകം 15ഓളം ഗുഡ് സർവീസ് എൻട്രികൾ ഈ 47 കാരിയെ തേടിയെത്തി.

പാലാ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന നിസ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ ''അവസ്ഥാന്തരങ്ങൾ'' എന്ന സിനിമയിലൂടെയാണ് അഭ്രപാളികളിലേക്കെത്തുന്നത്. അതിലെ അമ്മ വേഷത്തിന് പുരസ്‌കാരം ലഭിച്ചു. പിന്നീട് കൊള്ള, അമീറ, ചോലവിസ്‌കി, ആസാദി, ഹെവൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഇതിൽ ചോലവിസ്‌കിയും ആസാദിയും റിലീസ് ചെയ്യാനുണ്ട്. രണ്ടിലും എസ്.ഐ വേഷമാണ്. കൊള്ളയിൽ പൊലീസുകാരിയായിരുന്നു. പ്രശസ്ത ബാലതാരം മീനാക്ഷി അഭിനയിച്ച അമീറയിലും നിസയ്ക്ക് എസ്.ഐ വേഷമായിരുന്നു. ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും വേഷമിട്ടു. വിവിധ കേസന്വേഷണങ്ങളിൽ മികവ് തെളിയിച്ചു. കാരുണ്യപ്രവർത്തികളിലും ശ്രദ്ധേയയാണ്. ഇപ്പോൾ ഏറ്റുമാനൂർ നിരപ്പേൽ വീട്ടിലാണ് താമസം. ഭർത്താവ് ജോഷി നാല് വർഷം മുമ്പ് അപകടത്തിൽ ഓർമ്മയായി. മകൾ അനഘ നഴ്‌സാണ്. മകൻ ആദം ഹോട്ടൽ മാനേജുമെന്റ് വിദ്യാർത്ഥിയാണ്.

പാലാ ഗവ. സ്‌കൂളിൽ സ്വീകരണം

നിസാ ജോഷിക്ക് പാലാ മഹാത്മാഗാന്ധി ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്നലെ സ്വീകരണം നൽകി. നിസാ ജോഷിയെ സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ശ്രീകലയും പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും മുനിസിപ്പൽ കൗൺസിലർ ബിജി ജോജോയും ചേർന്ന് പൊന്നാട അണിയിച്ചാദരിച്ചു.